വേണമെങ്കിൽ നെല്ല് പാറയിലും വിളയും

തങ്കപ്പനും ഭാര്യ രാധയും കരനെൽകൃഷിയുടെ കള പറിക്കുന്നു
കെ പി മധുസൂദനൻ
Published on Jul 07, 2025, 12:00 AM | 1 min read
തൊടുപുഴ : കരിംപാറക്കെട്ട് കൃഷിയിടമാക്കിമാറ്റി വൃദ്ധദമ്പതികൾ. തൊടുപുഴയ്‌ക്കടുത്ത് ശാസ്‌താംപാറ നിരപ്പിൽ തങ്കപ്പനും ഭാര്യ രാധയുമാണ് പാറപ്പുറം കൃഷിക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റി കൃഷിചെയ്യുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഇവർക്ക് സ്വന്തമായിട്ടുള്ള 25 സെന്റോളം വരുന്ന പാറ കല്ലുകയ്യാലവച്ച് തട്ടുതട്ടായി തിരിച്ച് അതിൽ മണ്ണിട്ടാണ് കൃഷി ഇറക്കുന്നത്. 16 വർഷമായി ഇവിടെ കരനെൽകൃഷിയും മറ്റ് ഭഷ്യവസ്തുക്കളും കൃഷിചെയ്‌തുവരുന്നു. മേയിലാണ് നെൽവിത്ത് വിതയ്‌ക്കുന്നത്. ജൂണിൽ മഴയിൽ സമൃദ്ധമായി ജലം ലഭിക്കും. കുഞ്ഞൂഞ്ഞ് വിത്താണ് പതിവായി വിതയ്‌ക്കുന്നത്. പൊക്കം കുറവുള്ള നെല്ലിന് വെള്ളവും കുറച്ചുമതി. അഞ്ച് കിലോഗ്രാം വിത്ത് വിതയ്‌ക്കാനാകും. മൂന്നാം മാസം വിളവെടുക്കാം. 150കിലോയോളം നെല്ല് കൊയ്‌തെടുക്കാം. ശരാശരി 75 കിലോ അരി ഇവർക്ക് ഒരു കൃഷിയിൽനിന്ന് ലഭിക്കും. ഒന്നര പതിറ്റാണ്ടിലേറെയായി തങ്കപ്പന്റെ കുടുംബത്തിൽ ഓണ സദ്യക്ക് സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന നല്ല കുത്തരിചോറ്. നെല്ല് കൊയ്‌തെടുത്താൽ പിന്നീട് ഇവിടെ കുർക്കനടും. മൂന്നുമാസം കൊണ്ട് വിളവെടുക്കാം. നാനൂറു കിലോവരെ പ്രതിവർഷം ലഭിക്കും. കൂർക്ക കൃഷിക്ക് പ്രത്യേകിച്ച് വളം ഇടേണ്ട ആവശ്യമില്ല. മണ്ണും കുറച്ച് മതി. കാച്ചിൽ, ചെറുകിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയ കൃഷിയും നല്ലനിലയിൽ നടക്കുന്നു. കീടങ്ങളെ പ്രകൃതിദത്തമായി തുരത്താൻ ബന്ദി കൃഷിയും ഇതിനിടയിലൂടെ ചെയ്തു വരുന്നു. ഇവിടം കൊണ്ടും ഇവരുടെ കൃഷിയോടുള്ള ആഭിമുഖ്യം കുറയുന്നില്ല. പാട്ടത്തിന് സ്ഥലമെടുത്താണ് കപ്പയും വാഴയും കൃഷിചെയ്യുന്നത്. ഇവർ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകർക്ക് ആവശ്യക്കാർ ഏറെ. വിറ്റഴിക്കാൻ വിപണി കണ്ടെത്തേണ്ട. ആവശ്യക്കാർ വീട്ടിലെത്തിയാണ് വാങ്ങുന്നത്. ഇവരുടെ മകൻ കെപിഎംഎസ് തൊടുപുഴ യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പനും കർഷക അവാർഡ് ജേതാവാണ്.









0 comments