എലിപ്പനി വ്യാപനം, ജാഗ്രത വേണം

rat
വെബ് ഡെസ്ക്

Published on Jul 11, 2025, 12:15 AM | 2 min read

ഇടുക്കി

ജില്ലയിൽ പലയിടത്തും എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. ദേവിയാർ കോളനിയിൽ അഞ്ചും, വാഴത്തോപ്പ്, കുമളി, നെടുങ്കണ്ടം, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ ഓരോന്നുവീതവുമാണ്‌ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിനു ചുവപ്പ്/മഞ്ഞനിറം,കാൽവണ്ണയിലെ പേശി വേദന. മൂത്രത്തിന്റെ അളവ് കുറഞ്ഞ് മൂത്രത്തിന് മഞ്ഞ നിറം/ചുവപ്പ് നിറം ഇവ എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ.

എലിപ്പനി സാധ്യത 
കൂടുതലുള്ളതാർക്ക്?

ഓട, കുളം, തോട് വൃത്തിയാക്കുന്നവർ വയലിൽ ജോലി എടുക്കുന്നവർ, പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾ കന്നുകാലികൾ ഇവയെ പരിചരിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, കുളം തോട് എന്നിവിടങ്ങളിൽനിന്നും മീൻ പിടിക്കുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുകയോ കുടിക്കുകയോ ചെയ്യുന്നവർ, എലി മൂത്രം കലരാൻ ഇടയുള്ള സ്ഥലങ്ങളിൽ ഇടപഴകുന്നവർ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ.

എലിപ്പനി തടയാം

കൈകാലുകളിലെ മുറിവുകൾ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത് മുറിവുകളോ വിണ്ടുകീറലോ ഉണ്ടെങ്കിൽ, വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞ്‌ സൂക്ഷിക്കുക. കൈയുറകളും, കാലുറകളും ധരിക്കുക. തോട്, കുളം എന്നിവിടങ്ങളിലെ വെള്ളം കൊണ്ട് മൂക്കും വായും കഴുകരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കളിക്കരുത്. ജോലിക്കായി ഇറങ്ങുമ്പോൾ കൈയുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ ഉപയോഗിക്കുക. വീടിന് പുറത്തിറങ്ങുമ്പോൾ ചെരുപ്പ് നിർബന്ധമായും ധരിക്കുക. ആഹാരസാധനങ്ങൾ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്. എലി മാളങ്ങൾ നശിപ്പിക്കുക

തടയാൻ 
ഡോക്‌സി സൈക്ലിൻ

വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ജോലി ചെയ്യുന്നവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ആഴ്ചയിൽ ഒരിക്കൽ 100 മില്ലി ഗ്രാമിന്റെ രണ്ട്‌ ഡോക്‌സിസൈക്ലിൻ ഗുളികകൾ(200 mg) ആറ്‌ മുതൽ എട്ട്‌ ആഴ്ച വരെ തുടർച്ചയായി കഴിക്കുക. ജോലി തുടർന്നും ചെയ്യുന്നുവെങ്കിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കഴിക്കുക. ഡോക്‌സിസൈക്ലിൻ ഗുളിക ആഹാരശേഷം മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. സ്വയം ചികിത്സ പാടില്ല.സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭ്യമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home