അമരനല്ലോ, അഭിമന്യു

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വട്ടവടയിൽ നടന്ന പ്രകടനം
വട്ടവട വർഗീയ-–തീവ്രവാദ ശക്തികളുടെ കൊലക്കത്തിക്കിരയായ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ധീരസ്‌മരണ പുതുക്കി ജന്മനാട്. ‘രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വട്ടവടയുടെ ഹൃദയങ്ങളിൽ മുഴങ്ങി. രക്തസാക്ഷിത്വത്തിന്റെ ഏഴാം വാർഷികത്തിൽ നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരും പാർടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് അഭിമന്യുവിന്റെ മരണമില്ലാത്ത ഓർമകൾക്ക് അർച്ചനയർപ്പിച്ചു. ക്യാമ്പസ് ഫ്രണ്ട്– എസ്ഡിപിഐ പ്രവർത്തകർ 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിനു സമീപത്തുവച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ‘വർഗീയത തുലയട്ടെ' എന്ന് ചുവരിൽ എഴുതിയതിന്റെ പേരിലായിരുന്നു അരുംകൊല. പഠനത്തിനൊപ്പം ഇടുക്കിയിലെയും കോളേജിലെയും എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ നേതൃപരമായി ഇടപ്പെട്ട അഭിമന്യു ജീവനുറ്റ നാടൻപാട്ടുകളിലൂടെയും കരുത്തുറ്റ പ്രസംഗങ്ങളിലൂടെയും എല്ലാവർക്കും പ്രിയങ്കരനായിരുന്നു. കൊട്ടാക്കൊമ്പൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലിനും പുഷ്‌പാർച്ചനയ്‌ക്കും ശേഷം പ്രകടനമായി പ്രവർത്തകർ കോവിലൂരിലെ അനുസ്‌മരണ നഗറിലെത്തി. അനുസ്‌മരണ യോഗം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ് അധ്യക്ഷനായി. എം എം മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നാടിന്റെ പ്രിയങ്കരനായിരുന്ന അഭിമന്യുവിന്റെ ഓർമപുതുക്കാൻ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവർക്കൊപ്പം നാടൊന്നാകെയെത്തിയിരുന്നു.









0 comments