സ്വർഗം താണിറങ്ങി വന്നതോ

swargammedu
avatar
ബേബിലാൽ

Published on Jul 18, 2025, 12:01 AM | 1 min read


രാജാക്കാട്

ആകാശത്തിന് കീഴെ കാറ്റും കുളിരും കാഴ്‌ചകളുമായി സ്വർഗസമാനമായ ഒരിടം, അതാണ്‌ സ്വർഗംമേട്‌. പച്ചപ്പരവതാനി വിരിച്ച കുന്നുകൾ നിറഞ്ഞ ഇവിടം സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌. മഞ്ഞ് പുതയ്‍ക്കുമ്പോൾ സ്വർഗീയക്കുന്ന് എന്നുകൂടി പേരുള്ള സ്വർഗംമേട് സൗന്ദര്യത്തിന്റെ മറ്റൊരു മുഖം വിടർത്തും. പശ്ചിമഘട്ട മലനിരകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം. ഉദയാസ്‌തമയ കാഴ്‌ചകൾ ആസ്വദിക്കാനായി ധാരാളം സഞ്ചാരികളാണ്‌ സ്വർഗംമേട്ടിലെത്തുന്നത്‌. തടസ്സങ്ങളില്ലാതെ 360 ഡിഗ്രി കാഴ്ചകളാണ്‌ ഇവിടം സഞ്ചാരികൾക്ക്‌ സമ്മാനിക്കുന്നത്‌. രാമക്കൽമേട് മുതൽ ദേവികുളം ഗ്യാപ് റോഡ് വരെയുള്ള വിശാല ദൃശ്യവും ഇവിടെ നിന്നാൽ കാണാം. മൂടൽമഞ്ഞിൽ പൊതിഞ്ഞ കൊടുമുടികൾക്കിടയിലൂടെയാണ്‌ കുന്നിൻമുകളിലേക്ക്‌ വെളിച്ചം അരിച്ചിറങ്ങുന്നത്‌. കുത്തനെയുള്ള ചെരിവുകളിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും ട്രക്കിങ്ങും സഞ്ചാരികളെ രസംകൊള്ളിക്കും. മഴക്കാലമായാൽ നിരവധി ചെറുവെള്ളച്ചാട്ടങ്ങളും സസ്യജാലങ്ങളും പ്രദേശത്തെ സമ്പന്നമാക്കും. ഒക്ടോബർ–മാർച്ച് വരെയുള്ള മാസങ്ങളിൽ 25 ഡിഗ്രി മുതൽ 15 വരെയായി താപനില കുറയും. ചെമ്മണ്ണാറിൽനിന്ന് മാങ്ങാത്തൊട്ടി റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. സേനാപതി, ഒട്ടാത്തി, അഞ്ചുമുക്ക്, മോസ്‍കോ എന്നിവിടങ്ങളിൽനിന്നും വഴികളുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഏവരെയും ആകർഷിക്കുന്ന കേന്ദ്രമായി സ്വർ​ഗംമേട് മാറുമെന്നതിൽ സംശയമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home