പഞ്ചായത്തുവക ഭൂമി വിൽക്കാൻ ശ്രമം
പ്രതിഷേധവുമായി സിപിഐ എം

സിപിഐ എം മറയൂർ ടൗൺ, നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരം ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനം ചെയ്യുന്നു
മറയൂർ
മറയൂർ ഗാന്ധിനഗറിൽ 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പഞ്ചായത്തുവക ഭൂമി വിൽക്കാനുള്ള ശ്രമം സിപിഐ എം മറയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് തടത്തു. റിയൽ എസ്റ്റേറ്റ് വ്യാപാരം നടത്തുന്ന പഞ്ചായത്ത് അംഗവും ബിജെപി പ്രവർത്തകനും ചേർന്നാണ് ഭൂമി രജിസ്റ്റർ ചെയ്യാത്ത കരാർ പ്രകാരം വിൽപ്പന നടത്തിയത്. 20 വർഷം മുമ്പ് മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ ഭൂമി മൂന്നുസെന്റ് വീതം തിരിച്ച് വീടുനിർമിച്ചു നൽകിയിരുന്നു. ‘ആശ്രയ’ പദ്ധതി പ്രകാരം നിർമിച്ച വീട് നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ഗുണഭോക്താവ് മരണപ്പെട്ടു. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ഭൂമിയും സ്ഥലവും സെക്രട്ടറിയുടെ പേരിലാണ്. മുമ്പ് തിരഞ്ഞെടുഞ്ഞ ഗുണഭോക്താവിന്റെ ബന്ധു എന്ന പേരിലാണ് പഞ്ചായത്തംഗത്തിന്റെയും ഭരണസമിതിയുടെയും സഹായത്തോടെ വിൽപ്പന കരാർ തയ്യാറാക്കിയത്. ഇതുചൂണ്ടിക്കാട്ടി സിപിഐ എം പ്രവർത്തകർ കലക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിരുന്നു. പഞ്ചായത്തുവക ഭൂമി നിയമവിരുദ്ധമായി വിൽപ്പന നടത്താൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മറയൂർ സൗത്ത്, നോർത്ത്, ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ സെക്രട്ടറി പി എം ലാലു, ടൗൺ ലോക്കൽ സെക്രട്ടറി എസ് അണ്ണാദുര, എസ് ചന്ദ്രൻ രാജ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് ചന്ദ്രൻ, കനകാസ്യൻ ബിജു എന്നിവർ സംസാരിച്ചു.









0 comments