കുരുന്നുകൾക്ക് പുസ്‌തകമൊരുക്കി തേർഡ്ക്യാമ്പ് സ്‌കൂൾ
ഹായ്, എന്തൊരു ചേലാണ്

പുസ്‌തകവുമായി അധ്യാപിക അമ്പിളി മോഹനനും കുട്ടികളും

സ്വന്തം ലേഖകൻ
Published on Jul 11, 2025, 12:15 AM | 1 min read
ഇടുക്കി
‘ആകാശ കാഴ്‌ചകൾക്ക് എന്തൊരു ചേലാണ്. കിളികൾ പാറിപ്പറക്കുന്നു, സൂര്യൻ ചിരിക്കുന്നു.’–- --തേർഡ്ക്യാമ്പ് ഗവ. എൽപി സ്‌കൂൾ പ്രീ-പ്രൈമറിയിലെ കുട്ടികൾക്കായി തയ്യാറാക്കിയ പാഠപുസ്‌തകത്തിലെ ചിത്രത്തിന് നൽകിയിട്ടുള്ള വിവരണമാണ്. വീടും പരിസരവും, കുടുംബം, മൃഗങ്ങളും പക്ഷികളും, വാഹനങ്ങൾ, മഴ, കാലാവസ്ഥ, സ്ഥാപനങ്ങൾ, ശുചിത്വം, ആരോഗ്യം, ആഹാരം, കൃഷി തുടങ്ങി 30ഓളം ആശയങ്ങൾ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പുസ്‌തകങ്ങൾ തയാറാക്കിയിരിക്കുന്നത്. കളിപ്പാട്ടം അധ്യാപക സഹായി, കളിത്തോണി പ്രവർത്തന കാർഡ് എന്നിവയിൽ നിർദേശിച്ചിട്ടുള്ള ‘വിഷയങ്ങളും വിവരങ്ങളുമാണ് ’ ആറ് പുസ്‌തകങ്ങളിലായി ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ആടിയും പാടിയും രസിച്ചീടാം’ എന്നാണ് മലയാളം പ്രവൃത്തി പുസ്‌തകത്തിന്റെ പേര്. മറ്റു പുസ്‌തകങ്ങളും ‘രസമുള്ള’ പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകുന്നു.
മുമ്പ് ഉപയോഗിച്ചിരുന്ന പുസ്‌തകങ്ങൾ കളിത്തോണി പ്രവർത്തന കാർഡിലെ നിർദേശവുമായി യോജിച്ചിരുന്നില്ല. തുടർന്ന് പ്രീ-പ്രൈമറി അധ്യാപകരായ കെ ടി സിന്ധുവും അമ്പിളി മോഹനനുമാണ് പുസ്‌തകം നിർമിക്കാം എന്ന ആശയം മുന്നോട്ടുവച്ചത്. സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും പ്രഥമാധ്യാപിക എ എൻ ശ്രീദേവിയും അധ്യാപകരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ എല്ലാം ഭംഗിയായി നീങ്ങി. തുടർന്ന് ഒന്നരമാസംകൊണ്ടാണ് അധ്യാപകരുടെ സഹായത്തോടെ ഉള്ളടക്കം രൂപപ്പെടുത്തിയത്. അധ്യാപകൻ കെ എം മനുമോനാണ് പേജുകൾ ഡിസൈൻ ചെയ്‌തത്. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 തീമുകൾവീതം വരുന്ന രണ്ട് പുസ്‌തകങ്ങളാണ് ഒരു ടേമിൽ കുട്ടികൾക്ക് നൽകുക.









0 comments