കാളിയാർ പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം

കരിമണ്ണൂർ
കാളിയാർ പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സിപിഐ എം വണ്ണപ്പുറം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കാളിയാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മോഷണം പെരുകുമ്പോഴും മോഷ്ടാക്കളെ പിടികൂടി നിയമത്തിനുമുമ്പിൽ കൊണ്ടുവരാനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. പുതിയതായി ചുമതലയേറ്റ എസ്‌എച്ച്‌ഒ പൊതുജനങ്ങളോടും പൊതുപ്രവർത്തകരോടും അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. പൊതുപ്രവർത്തകർ ഫോൺ വിളിച്ചാൽ പ്രതികരിക്കാൻ കൂട്ടാക്കുന്നില്ലെന്ന പരാതിയുമുണ്ട്. സ്ഥലത്തെ സമ്പന്നരുമായി ചങ്ങാത്തത്തിലായ സിഐ സാധാരണക്കാർ പരാതിയുമായി എത്തിയാൽ പരാതിയില്ലെന്ന് എഴുതിവാങ്ങി പരാതിക്കാരെ പറഞ്ഞയക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പറയുന്നു. വണ്ണപ്പുറത്ത് മദ്യ–-മയക്കുമരുന്ന് മാഫിയ സജീവമായി പ്രവർത്തിക്കുമ്പോൾ അവരെ അമർച്ചചെയ്യാനുള്ള യാതൊരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. എന്നാൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരെ എന്തെങ്കിലും കാരണം കണ്ടെത്തി കേസിൽപ്പെടുത്തുക, വാഹനങ്ങളുടെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുക എന്നിവ പതിവാക്കുകയാണ്. ഇത് ചോദ്യം ചെയ്യുന്നവരോട് കേരള സർക്കാരിന് കാശില്ലാത്തതുകൊണ്ട് പണമുണ്ടാക്കാൻ നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് സർക്കാർ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ജനങ്ങളോട് മനുഷത്വരഹിതമായി പെരുമാറുന്ന കാളിയാർ എസ്‌എച്ച്‌ഒയെ നിലയ്‌ക്ക് നിർത്താൻ മേലധികാരികൾ ഇടപെടണമെന്നും ഇല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്‌റ്റ്യൻ പറഞ്ഞു.









0 comments