ക്ഷേമപെൻഷൻ 2000, സ്‌ത്രീസുരക്ഷയ്‌ക്കായി 1000 രൂപ
ഉള്ളറിഞ്ഞ്, അഭിമാനം കാത്ത്

സാമൂഹിക സുരക്ഷാ പെൻഷൻ തുക 2000 രൂപയാക്കി വർധിപ്പിച്ച എൽ ഡി എഫ് സർക്കാർ തീരുമാനം ദേശാഭിമാനി പത്രത്തിലൂടെ വായിച്ചു സന്തോഷിക്കുന്ന കട്ടപ്പന അമ്പലക്കവല പുളിക്കൽ തെക്കേതിൽ നന്ദിനി ഫോട്ടോ: ഷിബിൻ ചെറുകര
ഇടുക്കി
വാർധക്യകാലത്ത് ആരുടെയും കാലുപിടിക്കാതെ ജീവിക്കാൻ മലയോര ജനതയ്‌ക്ക് ആശ്വാസമായി തുടർഭരണം. 1600 രൂപയായ ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിക്കാൻ രണ്ടാം പിണറായി സർക്കാർ തീരുമാനമെടുത്തതോടെ അതിരറ്റ ആഹ്ലാദത്തിലാണ് ജില്ല. സ്‌ത്രീസുരക്ഷയ്‌ക്കായി 1000 രൂപ പെൻഷനും യുവജനങ്ങൾക്ക് കണക്‌ട് ടു വർക്ക് സ്‌കോളർഷിപ്പ് മാസം 1000 രൂപയും നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് അഭിമാനനിമിഷമായി. ഉമ്മൻചാണ്ടി സർക്കാരിന്റെ 18 മാസം ക്ഷേമപെൻഷൻ കുടിശ്ശികയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തിയപ്പോൾ തന്നെ യുഡിഎഫ് അങ്കലാപ്പിലായി. ഇത് നടപ്പാക്കാൻ പറ്റില്ലെന്ന് പറയുന്ന ചെന്നിത്തലയും വി ഡി സതീശനും എതിരെ ജനരോഷമുയരുകയാണ്. എൽഡിഎഫ് സർക്കാർ വിഷൻ 2031ൽ എത്തുന്പോഴും കോൺഗ്രസ് 20 വർഷം പുറകിലാണെന്നാണ് ഹൈറേഞ്ചിലെ ജനങ്ങളുടെ പ്രതികരണം. ജില്ലയിലെ ലക്ഷകണക്കിന് വയോജനങ്ങൾ പെൻഷനെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവിൽ 1600 രൂപ കൈയിൽ കിട്ടിയിരുന്ന അശരണരും അവശരുമായ ഏറെ പേർ സർക്കാർ തീരുമാനത്തിൽ നിറഞ്ഞ സന്തോഷത്തിലാണ്. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുക. കൂടാതെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപവീതം വർധിപ്പിക്കാനുള്ള തീരുമാനവും ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കാനുള്ള തീരുമാനവും ആയിരങ്ങൾക്കാണ് ഗുണകരമാകുക. ഇതിനുമുമ്പ് 2024ലാണ് ഓണറേറിയം വർധിപ്പിച്ചത്. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാന്റായി മാസം 1000 രൂപ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്.









0 comments