വികസനത്തിന്റെ കൈയൊപ്പ്‌

vazhoor soman

എം ജിനദേവൻ പഠന ഗവേഷണകേന്ദ്രം കുട്ടിക്കാനത്ത് സംഘടിപ്പിച്ച വനം പശ്ചിമ ഘട്ടം പ്ലാന്റേഷൻ സെമിനാറിൽ തോമസ് ഐസക്, സി വി വർഗീസ് എന്നിവർക്കൊപ്പം വാഴൂർ സോമൻ

avatar
സ്വന്തം ലേഖകൻ

Published on Aug 22, 2025, 12:14 AM | 1 min read

പീരുമേട്

വേർതിരിവുകൾ ഇല്ലാതെ പീരുമേടിന്റെ എല്ലാ മേഖലകളിലും വികസനം എത്തിക്കാൻ അഹോരാത്രം പണിയെടുത്ത നാടിന്റെ ജനനായകനെയാണ് വാഴൂർ സോമൻ എംഎൽഎയുടെ വിയോഗത്തിലൂടെ നഷ്ടമായത്. നടപ്പ്‌ സാമ്പത്തികവർഷംതന്നെ പീരുമേട് മണ്ഡലത്തിൽ 15 റോഡുകൾ പുനർനിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഏതാനും റോഡുകളുടെ നിർമാണം ഇതിനകം പൂർത്തീകരിക്കുകയും ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പീരുമേട് മണ്ഡലത്തിലെ 15 റോഡുകൾ പുനരുദ്ധരിക്കാൻ 5.85 കോടി രൂപയാണ് അനുവദിച്ചത്. മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ കാലത്ത് ആരംഭിച്ച സത്രം എയർ സ്ട്രിപ്പ് നിർമാണം മുന്നോട്ടുകൊണ്ടുപോകുന്നതിലും സോമൻ വലിയ ഇടപെടൽ നടത്തി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 11 കോടി രൂപ മുടക്കി നവീകരണ പ്രവൃത്തികൾ പൂർത്തിയായ പീരുമേട് സർക്കാർ അതിഥി മന്ദിരങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇക്കോ ലോഡ്ജ് കെട്ടിടം പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മിനി സ്റ്റേഡിയം നവീകരണപ്രവർത്തിയുടെ നിർമാണം പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന് ചുറ്റും ഫെൻസിങ്ങും, ഫ്‌ളഡ് ലൈറ്റുകളും, ക്രിക്കറ്റ് പിച്ചും, വോളിബോൾ, കബഡി കോർട്ടുകൾ എന്നിവയുടെ നിർമാണപ്രവർത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപയും ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണമാണ്‌ നടക്കുന്നത്‌. പീരുമേട് മണ്ഡലത്തിൽ 2018ലെ പ്രളയത്തിൽ തകർന്ന മൂഴിക്കൽ തോപ്പിൽക്കടവ് പാലം പുനർനിർമിക്കാൻ ഏഴുകോടിയും വാളാർഡി ചെങ്കര– ശങ്കരഗിരി റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കാൻ അഞ്ചുകോടിയും അനുവദിച്ചു. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും നിരവധിയായ വികസന ക്ഷേമ പദ്ധതികളാണ്‌ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ നാലുവർഷവും വാഴൂർ സോമന്റെ ഇടപെടലിലൂടെ കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home