പ്രസിഡന്റും മെമ്പർമാരും രണ്ടുതട്ടിൽ
പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത

ഏലപ്പാറ
പെരുവന്താനം പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതിയിൽ പ്രസിഡന്റും ഭരണകക്ഷിയിലെ അംഗങ്ങളും തമ്മിൽ ഭിന്നത രൂക്ഷം. തെക്കേമല വാർഡിൽ കലക്ടർ ഉദ്ഘാടനം ചെയ്യേണ്ടിരുന്ന ഗ്രാമ സംഗമം പരിപാടിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വിലക്കിയെന്ന ആരോപണവുമായി വാർഡംഗം ഷാജി പുല്ലാട്ട് രംഗത്തുവന്നു. വെള്ളിയാഴ്ച സെന്റ് മേരീസ് സ്കൂളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. സ്വാഗതസംഘം രൂപീകരിച്ച് മെമ്പറുടെയും കലക്ടറുടെയും ചിത്രങ്ങൾ ആലേഖനംചെയ്ത ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായശേഷം തലേദിവസം വൈകിട്ട് പ്രസിഡന്റ് കലക്ടറെ വിളിച്ച് പഞ്ചായത്തിന്റെ പരിപാടിയല്ലെന്നും പങ്കെടുക്കേണ്ടതില്ലെന്നും അറിയിച്ചു. തുടർന്ന് തീരുമാനിക്കപ്പെട്ട പരിപാടി മാറ്റുകയായിരുന്നു. ഇതോടെ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള ഉൾപ്പോര് മറനീക്കി പുറത്തുവന്നു. മുൻ കോൺഗ്രസ് പ്രസിഡന്റ് നിയമിച്ച താൽക്കാലിക ജീവനക്കാരിയെ ദിവസങ്ങൾക്കുമുമ്പ് പിരിച്ചുവിട്ടതിൽ ഭരണകക്ഷി അംഗങ്ങളിൽ അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ജീവനക്കാരി കോടതിയുടെ ഉത്തരവ് സമ്പാദിച്ച് ജോലിയിൽ തുടർന്നത് പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചു. ഇതോടെ അകത്തളങ്ങളിൽ ഭിന്നത പുകഞ്ഞു. പ്രസിഡന്റ് നിലാവാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ഭരണകക്ഷി അംഗങ്ങളുടെതന്നെ ആരോപണം.









0 comments