കാലത്തിന്റെ ഒഴുക്കിനെ തിരിച്ചുവിട്ട കല്ലിടീലിന് 138

കെ എ അബ്‌ദുൾ റസാഖ്
Published on Sep 21, 2025, 12:15 AM | 2 min read
കുമളി
ചരിത്രത്തിന്റെ ഒഴുക്കിനെയും തലമുറകളുടെ ജീവിതത്തെയും മാറ്റിമറിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചതിന് 138 വർഷം. മുല്ലയാർ, പെരിയാർ നദികളുടെ സംഗമ കേന്ദ്രത്തിന് 10 കിലോമീറ്റർ താഴെയാണ് 1887 സെപ്‌തംബർ 21ന് അണക്കെട്ട് നിർമാണം ആരംഭിച്ചത്. ബ്രിട്ടീഷ് മിലിറ്ററി എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്ക് ആയിരുന്നു നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ മുല്ലപ്പെരിയാർ അണക്കെട്ട് പിന്നീട് കേരള–തമിഴ്നാട് ബന്ധത്തിന്റെ ശിലാഫലകമായി.
നിരവധി ശ്രമങ്ങൾ
കൊടുംവേനലും മഴയില്ലായ്‌മയും മൂലം ഉണങ്ങിവരണ്ട് മരുഭൂമിക്ക് സമാനമായിരുന്നു മദ്രാസ് പ്രസിഡൻസിയുടെ തെക്കൻ പ്രദേശങ്ങൾ. ഇവിടേക്ക് പെരിയാർ നദി തിരിച്ചുവിടുകയെന്ന ലക്ഷ്യമിട്ട് 1789 മുതൽ ശ്രമം ആരംഭിച്ചിരുന്നു. തമിഴ്നാട് രാമനാട് സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പ പിള്ളയായിരുന്നു പിന്നിലെ ബുദ്ധികേന്ദ്രം. എന്നാൽ വെള്ളക്കാരോട് സേതുപതി രാജാവ് യുദ്ധം പ്രഖ്യാപിച്ചതും സാമ്പത്തിക പ്രതിസന്ധിയുംമൂലം പദ്ധതി നടപ്പായില്ല. തേനി, മധുര, രാമനാഥപുരം, ദിണ്ടിഗൽ തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു. 1808ൽ പശ്ചിമഘട്ട മലതുരന്ന് പെരിയാറിലെ വെള്ളം വൈഗ നദിയിലേക്ക് ഒഴുക്കുന്നതിനുള്ള പദ്ധതിക്ക് ബ്രിട്ടീഷുകാർ രൂപം കൊടുത്തു. എന്നാൽ പദ്ധതി അസാധ്യമെന്നായിരുന്നു ചുമതല ലഭിച്ച സർ ജെയിംസ് കാഡ്വെലിന്റെ റിപ്പോർട്ട്. പിന്നീട് ക്യാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം കൂടി പെരിയാറിൽ നടന്നു. തുടർന്ന് ചിന്നമൂളിയാർ എന്ന കൈവഴിയിലൂടെ വൈഗയിലേക്ക് വെള്ളം തിരിച്ചുവിടാൻ ചെറിയ അണക്കെട്ടിന്റെ നിർമാണം 1850ൽ തുടങ്ങി. പ്രതികൂലമായ സാഹചര്യങ്ങൾ മൂലം നിർമാണം പാതിവഴിയിൽ നിലച്ചു. 1867ൽ മേജർ റീവ്സ് മുന്നോട്ടുവച്ച നിർദ്ദേശപ്രകാരം പെരിയാറിൽ 162 അടി ഉയരമുള്ള അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചെങ്കിലും, നിർമാണത്തിനിടെ വെള്ളം തടഞ്ഞുവെക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
999 വർഷത്തെ കരാർ
1862 സെപ്‌തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവ റാവുവിന് കത്തയച്ചു. പെരിയാറിന് കുറുകെ അണക്കെട്ട് നിർമിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടണമെന്നായിരുന്നു ആവശ്യം. തിരുവിതാംകൂർ ഭരണാധികാരികൾ ആദ്യം എതിർത്തെങ്കിലും പിന്നീട് ബ്രിട്ടീഷ് സമ്മർദ്ദത്തിന് മുന്നിൽ വഴങ്ങി. 1886 ഒക്ടോബർ 29-നാണ് 999 വർഷത്തെ വിവാദകരമായ കരാർ അടിച്ചേൽപ്പിച്ചത്. തിരുവിതാംകൂറിന്റെ മരാമത്ത് സെക്രട്ടറി കെ കെ കുരുവിള, ജെ എച്ച് പ്രിൻസ്, ജെ സി ഹാനിങ്‌ടൺ എന്നിവരായിരുന്നു കരാറിലെ സാക്ഷികൾ.
മലവെള്ളപ്പാച്ചിലിനോട് പോരാടി നിർമാണം
1887 സെപ്‌തംബർ 21ന് ജോൺ പെന്നിക്വിക്ക് അണക്കെട്ടിന് കല്ലിട്ടു. നിർമാണകാലത്ത് രണ്ടുതവണ മലവെള്ളപ്പാച്ചിലിൽ അണക്കെട്ട് ഒലിച്ചുപോയി. അനന്തമായ വെല്ലുവിളികൾക്കിടയിലും ബ്രിട്ടീഷുകാർ പദ്ധതി പൂർത്തിയാക്കി. 1895-ൽ നിർമാണം പൂർത്തിയായപ്പോൾ പെരിയാറിന്റെ ഒഴുക്ക് വൈഗയിലേക്ക് തിരിയുകയായിരുന്നു. തമിഴ്നാട്ടിലെ തേനി, മധുര, രാമനാഥപുരം, ദിണ്ടിഗൽ മേഖലകൾക്ക് അത് ജീവധാരയായി.









0 comments