ഹെലിബറിയ ടീ കമ്പനി ഇന്ന് തുറക്കും
58 മാസത്തെ പിഎഫ് കുടിശ്ശിക അടയ്‌ക്കാൻ ധാരണ

ഏലപ്പാറ
അടച്ചുപൂട്ടിയ ഹെലിബറിയ ടി കമ്പനി ചൊവ്വാഴ്ച മുതൽ തുറക്കാൻ ധാരണയായി. 58 മാസത്തെ പി എഫ് കുടിശ്ശിക ഒരു വർഷത്തിനുള്ളിൽ പൂർണമായി അടയ്ക്കും. പിരിഞ്ഞു പോയിട്ടുള്ളതും പിരിച്ചുവിട്ടവരുമായ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 2025 ഡിസംബർ 31ന് മുമ്പ് നൽകും. 2023 ലെ ശമ്പള വർധനവിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള ശമ്പളകുടിശ്ശികയിൽനിന്നും 2000 രൂപ വീതം ഓണത്തിന് മുമ്പ് നൽകും. ഒന്നര മാസമാസമായി മുന്നറിയിപ്പ് കൂടാതെ അടച്ചുപൂട്ടിയ ഹെലിബറിയ ടീ കമ്പനി ഉടമ അശോക് തുഹാർ, മകൻ യാഷ് തുഹാർ, കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായി കോട്ടയത്ത് ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ കാര്യാലയത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ ടി ബിനു, ആന്റപ്പൻ എൻ ജേക്കബ്, സി സിൽവസ്റ്റർ (സിഐടിയു), സിറിയക്ക് തോമസ്, പി എം ജോയി, (എച്ച്ആർപി ) അന്റെണി, വിനോദ് (എഐടിയുസി ) ആൽവിൻ, മോഹൻ (ബിഎംഎസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചൊവ്വാഴ്ച മുതൽ സാധരണ നിലയിൽ പ്രവർത്തനം അരംഭിക്കുന്നത്. കമ്പനിയിൽ ശേഷിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ ഒക്ടോബർ നാലിന് വീണ്ടും യോഗം ചേർന്ന് തിരുമാനം എന്ന ധാരണയിൽ തിങ്കളാഴ്ച ചർച്ച അവസാനിപ്പിച്ചു.









0 comments