ജില്ലയിൽ 84 വിപണികൾ
ഓണം സമൃദ്ധമാക്കാൻ കൃഷിവകുപ്പ് സജ്ജം

തൊടുപുഴ
ഓണക്കാലത്ത് കർഷകരെയും പൊതു ജനങ്ങളെയും ചേർത്തു പിടിക്കാനുറച്ച് കൃഷിവകുപ്പ്. സെപ്തംബർ ഒന്നു മുതൽ നാലുവരെ സംസ്ഥാനത്താകെ 2000 ഓണവിപണികൾ നടത്തുകയാണ് വകുപ്പ്. ജില്ലയിൽ 84 ഓണം പഴം- പച്ചക്കറി വിപണികളാണ് തുറക്കുന്നത്. ഇതിൽ 52 എണ്ണം കൃഷിവകുപ്പ് നേരിട്ടും 25 എണ്ണം ഹോർട്ടികോർപ്പും ഏഴെണ്ണം വെജിറ്റബിൾ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുമാണ് നടത്തുക. ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഓണച്ചന്തകളിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനായി ജില്ലയിലെ കർഷകരിൽനിന്ന് അവരുടെ ഉല്പന്നങ്ങൾ മാർക്കറ്റ് വിലയെക്കാൽ 10 ശതമാനം അധികവില നൽകി സംഭരിച്ച് മാർക്കറ്റ് വിലയെക്കാൽ 30 ശതമാനം വിലക്കുറച്ച് പൊതുജനങ്ങൾക്ക് ഓണവിപണികളിൽക്കൂടി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കേരളാ ഗോ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സാധാരണ ഉല്പന്നങ്ങളിൽനിന്ന് വ്യത്യസ്തമായ ഒന്നോ രണ്ടോ ഉൽപ്പന്നങ്ങൾ എല്ലാ കൃഷിഭവനുകളിലും, ഹോർട്ടികോർപ്പ് മുഖേനയും വിപണനം ചെയ്യും. ഇപ്രകാരം ജില്ലയിലെ ഓണവിപണിയിലൂടെ ഉൽപ്പന്ന വൈവിധ്യം ഉറപ്പാക്കുകയും കേരളാഗ്രോ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുപരിചിതമാക്കാനും സാധിക്കും.









0 comments