കാര്യമല്ല, കളികളാണേ
ഇവിടെ ഓണം നൊസ്റ്റാള്‍ജിക്

തലയിണയടി മത്സരം

സ്വന്തം ലേഖകൻ
Published on Sep 03, 2025, 12:15 AM | 1 min read
കരിമണ്ണൂർ
അടിയെന്ന് പറഞ്ഞാ പൊരിഞ്ഞയടി, അടിയോടടി...എവിടെ ? വണ്ണപ്പുറം ടാക്‍സി സ്റ്റാൻഡില്‍...അന്വേഷിച്ചെത്തിയപ്പോള്‍ ആള്‍ക്കൂട്ടം. അടി തുടങ്ങിയെന്നുറപ്പായി. നോക്കിയപ്പോ സംഭവം തലയിണയടിയാണ്. ഓണത്തോടനുബന്ധിച്ച് തൊഴിലാളികള്‍ ചേര്‍ന്നാണ് പഴയകാല കളികള്‍ ഒരുക്കിയത്. കൊടിയുടെ നിറം നോക്കാതെ തൊഴിലാളികള്‍ ഒന്നിച്ചപ്പോള്‍ ഇക്കൊല്ലവും നാട്ടുകാര്‍ക്കും ഓണാവേശം. തൊഴിലാളികളുടെ കൈ, മെയ്‍ കരുത്ത് പരീക്ഷിക്കുന്ന തലയിണയടി, തടിചുമട്, വടത്തേല്‍ കയറ്റം എന്നിവയായിരുന്നു പ്രധാനമായും ഒരുക്കിയത്. അടിച്ച് താഴെയിടണം ഭൂമിക്ക് സമാന്തരമായി നാലടിയോളം ഉയരത്തിൽ ഉറപ്പിച്ച കമുക് തടിയിലാണ് തലയിണയടിക്ക് രണ്ടുപേര്‍ മുഖാമുഖമെത്തുന്നത്. വിസില്‍ മുഴങ്ങിയാല്‍ മുഖത്തിന് അടിതുടങ്ങും. അടിയും തടയലും ഒന്നിച്ച് വേണം. ഒരാള്‍ താഴെ വീഴുമ്പോള്‍ അങ്കമവസാനിക്കും. വീഴ്‌ചയിൽ പരിക്കേൽക്കാതെ അടിയിൽ മെത്ത വിരിച്ചിരിക്കും. ചുരുങ്ങിയ സമയത്തില്‍ എതിരാളിയെ അടിച്ച് വീഴിക്കുന്നയാള്‍ ജേതാവ്. തൂങ്ങിക്കോ, വീഴല്ലേ കുളത്തിന് കുറുകെ വലിച്ചുകെട്ടിയിട്ടുള്ള വടത്തിൽ തൂങ്ങി മറുകരയെത്തുന്നതാണ് വടത്തേല്‍ കയറ്റ മത്സരം. മിക്കവാറും ആളുകൾ കുളത്തിന് മധ്യഭാഗത്തെത്തുന്പോഴേക്കും വെള്ളത്തില്‍ വീണിരിക്കും. കുറഞ്ഞസമയത്തിൽ മറുകരയെത്തുന്നയാളാണ് വിജയി. സുരക്ഷാസംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. കറങ്ങി ചുമക്കാം തൊഴിലാളികളുടെ ശാരീരിക ക്ഷമത പരീക്ഷിക്കപ്പെടുകയാണ് തടി ചുമക്കലില്‍. 50 അടി വ്യാസത്തിൽ വൃത്തം വരച്ചിരിക്കും. നിശ്‌ചിത ഭാരമുള്ള ഉരുളൻതടി തോളിലേറ്റി വളയത്തിന് പുറത്തുപോകാതെ നടക്കണം. ഇതിന് സമയപരിധിയില്ല. കൂടുതല്‍ തവണ വളയം വയ്‍ക്കുന്നവര്‍ക്ക് ജേതാവാകാം. ടാക്‍സി സ്റ്റാൻഡിലും പരിസരത്തും തടിച്ചുകൂടിയ കാണികളുടെ പ്രോത്സാഹനവും മത്സര വിജയത്തിന് കരുത്തായി. ഇവയ്‍ക്കൊപ്പം കുട്ടികളും സ്‍ത്രീകളും പങ്കെടുത്ത മറ്റ് ഓണക്കളികളും നടത്തി. രാത്രി വൈകിയാണ് മത്സരങ്ങൾ സമാപിച്ചത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി. മത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് എം എ ബിജു ഉദ്‌ഘാടനംചെയ്‌തു. വി ഡി ജോസ് അധ്യക്ഷനായി.









0 comments