ക്വാർട്ടേഴ്‌സിന് 12 കോടി
മാറ്റി പാർപ്പിച്ചവരെയും പരിഗണിക്കണം


സ്വന്തം ലേഖകൻ
Published on Jul 19, 2025, 12:30 AM | 1 min read
ഇടുക്കി
റീബിൽഡ് കേരള മുൻഗണനയുടെ ഭാഗമായി ജില്ലാ ആസ്ഥാനമായ പൈനാവിൽ സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമിക്കുന്നതിന് 12 കോടി രൂപയാണ് അനുവദിച്ചത്.
വിവേചനമില്ലാതെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക് പുതിയ ക്വാർട്ടേഴ്സുകൾ അനുവദിക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ജില്ലാ ആസ്ഥാനത്ത് 350ൽ പരം ക്വാർട്ടേഴ്സുകൾ നിലവിലുണ്ട്. പുതിയവ പണിയുന്നതിന് പൈനാവ് ടൗണിന് സമീപത്ത് സർക്കാർ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ 27 ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കാൻ ജില്ലാ ഭരണവും പൊതുമരാമത്ത് വകുപ്പും തീരുമാനിച്ചിരുന്നു. ഇവിടെ താമസിച്ചിരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും മാറ്റ് ക്വാർട്ടേഴുകളിലേക്ക് പാർപ്പിച്ചു. പുതിയ ക്വാർട്ടേഴ്സുകളുടെ പണിതീരുന്ന മുറയ്ക്ക് മുമ്പ് താമസിച്ചിരുന്ന ജീവനക്കാർക്ക് മുൻഗണന നൽകും എന്നായിരുന്നു വാഗ്ദാനം. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി പുതിയ 32 ക്വാർട്ടേഴ്സുകളുടെ നിർമാണം അന്തിമഘട്ടത്തിലുമാണ്.
ജില്ലാ ആസ്ഥാനത്ത് താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ക്വാർട്ടേഴ്സുകൾ ചെറുതോണി മേഖലയിലില്ല. ഹൈറേഞ്ചിലേക്കുള്ള ജീവനക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചും വിവേചനം ഇല്ലാതെയും ജില്ലാ ആസ്ഥാനത്തെ ക്വാർട്ടേഴ്സുകൾ പൂർണമായും എല്ലാ വകുപ്പിലെയും ജീവനക്കാർക്കും അനുവദിച്ചു വരുന്നതാണ് കീഴ്വഴക്കം. ജില്ലാ ആസ്ഥാനത്തേക്ക് കൂടുതൽ ഓഫീസുകൾ വരുന്നതിന്റെ ഭാഗമായി വിവിധ വകുപ്പിലെ ജീവനക്കാർ ക്വാർട്ടേഴ്സിന് അപേക്ഷയുമായി പോകുന്ന സ്ഥിതിയുണ്ട്. നിലവിൽ 27 ജില്ലാ ഓഫീസുകളാണ് പൈനാവിൽ പ്രവർത്തിക്കുന്നത്. കൂടാതെ മൂലമറ്റത്തെ ജില്ലാ ട്രഷറിയും തൊടുപുഴയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ ആസ്ഥാനത്തേക്ക് മാറ്റാനുള്ള നടപടിയിലുമാണ്. ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടും ജീവനക്കാർക്ക് ആവശ്യമായ ക്വാർട്ടേഴ്‌സുകൾ ലഭ്യമാകുന്നില്ല.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം അന്നന്ന് സ്വന്തം വീട്ടിൽ പോയി വരാനാവില്ല. ഭാവിയിൽ കൂടുതൽ ജില്ലാ ഓഫീസുകൾ പൈനാവിലേക്ക് എത്തുമെന്നതിനാൽ ജീവനക്കാർക്ക് സൗകര്യംവേണം. ഇതൊന്നും പരിഗണിക്കാതെ പൈനാവിൽ പുതിയതായി പണികഴിപ്പിക്കുന്ന 32 ക്വാർട്ടേഴ്സുകൾ ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കടുത്ത വിവേചനമാണെന്നതാണ് മറ്റ് വകുപ്പ് ജീവനക്കാരുടെ പരാതി.









0 comments