കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: എകെഎസ്

അടിമാലി കൊറത്തിക്കുടി ആദിവാസി ഉന്നതിയിലെ നവജാത ശിശു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആദിവാസി ക്ഷേമസമിതി. ആശ–ഷിബു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ കഴിഞ്ഞ 15ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പതിനാലിനാണ് വയറുവേദനയെതുടർന്ന് ആശ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. പരിശോധനകൾക്കുശേഷം മറ്റുപ്രശ്‌നങ്ങളില്ലാത്തതിനാൽ പറഞ്ഞയച്ചു. പ്രസവത്തിനായി 19ന് ആശുപത്രിയിലെത്താനാണ് നിർദേശിച്ചിരുന്നത്. എന്നാൽ അടിമാലിയിൽനിന്ന് 46 കിലോ മീറ്റർ സഞ്ചരിച്ച് കൊറത്തിക്കുടിയിലെത്തിയപ്പോൾ വീണ്ടും വയറുവേദന കലശലായി. തുടർന്ന് പുലർച്ചെ വീട്ടുകാർ ആശയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഈസമയം ഡ്യൂട്ടിയിൽ ഡോക്‌ടർ ഉണ്ടായിരുന്നില്ല. നഴ്‌സ് പ്രാഥമിക ശുശ്രൂഷകൾക്കുശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അവിടെ ശസ്ത്രക്രിയയിലൂടെ ശിശുവിനെ പുറത്തെടുത്തെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയിൽ ശരിയായ പരിചരണം ലഭിച്ചില്ലെന്നും തങ്ങളെ പറഞ്ഞുവിടുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം എകെഎസ് നേതാക്കൾ ആശയെ സന്ദർശിച്ചിരുന്നു. അവശനിലയിൽ കഴിയുന്ന ആശയെ ദേവിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയായതെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എകെഎസ് ഏരിയ സെക്രട്ടറി എം ആർ ദീപു, പ്രസിഡന്റ് ഗോപി രാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments