പശുവിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

മൂന്നാർ പഞ്ചായത്തിനെതിരെ ജനരോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2025, 12:15 AM | 1 min read

മൂന്നാർ

ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങി നൽകിയതിലൂടെ മൂന്നാർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്‌. കറവവറ്റിയ പശുക്കളെ നൽകി ഗുണഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു. പരാതിയെതുടർന്ന് പശുക്കളെ കശാപ്പിന് വിറ്റുവെന്നും ആരോപണം ഉയർന്നിരുന്നു. 2024–-25 വർഷത്തെ പദ്ധതിയനുസരിച്ച് പശുക്കളെ നേരിട്ടുവാങ്ങി കർഷകർക്ക് നൽകാനാണ് തീരുമാനിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ അധികാരികൾ സാക്ഷ്യപ്പെടുത്തിയ പശുക്കൾക്കുപകരം അസുഖം ബാധിച്ചവയാണ്‌ വാങ്ങിയത്. ഇവയെ കർഷകർ ഏറ്റുവാങ്ങാതായതോടെ ഭരണസമിതി കശാപ്പു കേന്ദ്രത്തിലെത്തിച്ച്‌ വിറ്റു കാശാക്കി. 65,000 രൂപയാണ് ഒരു പശുവിന്റെ വിലയായി നിശ്ചയിച്ചത്. ഇതിൽ കർഷകന്റെ വിഹിതം 23,000 രൂപയും ക്ഷീര വികസനവകുപ്പിൽ നിന്നും 42,000 രൂപയും നൽകി. പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളിൽനിന്നും പശുക്കളെ വാങ്ങി. 60ലധികം കർഷകരാണ് ഗുണഭോക്താക്കളായി ഉൾപ്പെട്ടിരുന്നത്. പശുവിനെ അനുവദിക്കുന്നതിന് ഒരാളിൽനിന്ന്‌ 5000 മുതൽ 10,000 രൂപ വരെ യുഡിഎഫ് പഞ്ചായത്തംഗങ്ങൾ കോഴ വാങ്ങിയതായും ആക്ഷേപമുയർന്നിരുന്നു. 2023–-24 വർഷം പശുക്കളെ വാങ്ങാതെതന്നെ ഗുണഭോക്താക്കൾക്ക് അക്കൗണ്ടിൽ പണം നൽകി. മറ്റ് കർഷകരുടെ പശുക്കളുടെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പദ്ധതിയുടെ സർക്കാർ വിഹിതം പഞ്ചായത്ത് അധികൃതർ കൈക്കലാക്കിയതായും ആക്ഷേപമുയർന്നിരുന്നു. രണ്ടുവർഷമായി തുടരുന്ന അഴിമതിക്കഥകൾ പുറത്തുവന്നതോടെ പഞ്ചായത്തിനെതിരെ ജനരോഷമുയർന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പഞ്ചായത്ത് ഓഫീസിലേക്ക് സമരം നടത്തിയിരുന്നു. നിലവിൽ ഭരണസമിതി നടത്തിയ തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home