മൂന്നാറിനെ തകർത്തെറിഞ്ഞ ‘ആ ഭയങ്കര വെള്ളപ്പൊക്കം’

munnar

മൂന്നാറിലുണ്ടായ വെള്ളപ്പൊക്കം(ഫയൽചിത്രം)

avatar
പാട്രിക്‌ വേഗസ്‌

Published on Sep 08, 2025, 12:15 AM | 2 min read

മൂന്നാർ

മൂന്നാറിനെ തകർത്തെറിഞ്ഞ 99ലെ വെള്ളപ്പൊക്കം ചരിത്രം കുറിച്ചിട്ട അധ്യായം. 1924 ജൂലൈ-യിലാണ്‌ ‘ഭയങ്കര വെള്ളപ്പൊക്ക’മുണ്ടായത്‌. കൊല്ലവർഷം 1099ലുണ്ടായ പ്രളയത്തെക്കുറിച്ച്‌, ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രായം ചെന്നവർക്കുപോലും കേട്ടറിവ്‌ മാത്രമാകും. 20–ാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവുംവലിയ പ്രളയമായിരുന്നിത്‌. 1099 കർക്കടകം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്‌ന്നഭാഗങ്ങൾ മുഴുവൻ മുങ്ങി. ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ നഷ്ടമായി. മധ്യതിരുവിതാംകൂറിനെയും തെക്കൻ മലബാറിനെയും പ്രളയം ബാധിച്ചു. കൊച്ചിയിലെയും മുസിരീസിലെയും അഴിമുഖത്തിനെ ഇല്ലാതാക്കിയ പ്രളയം കേരളത്തിന്റെ രൂപംതന്നെ മാറ്റിമറിച്ചു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയിൽ നിർമിക്കപ്പെട്ട മൂന്നാർ പട്ടണമാണ് പ്രളയം കശക്കിയെറിഞ്ഞത്‌. സമുദ്രനിരപ്പിൽനിന്നും 6000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാറിനെ വെള്ളപ്പൊക്കം തകർത്തെന്ന്‌ കേൾക്കുമ്പോൾ തന്നെ അതിന്റെ ഭീകരത വ്യക്തമാകും. ​ പെയ്‌തൊഴിയാതെ പെരുമഴ ജൂലൈ 17ന് തുടങ്ങിയ മഴ മൂന്നാഴ്ചയോളം നീണ്ടു. ഒരു മാസംമാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 485 സെന്റിമീറ്ററായിരുന്നു (171.2 ഇഞ്ച്‌). ജില്ലയുടെ ഇതര മേഖലയും മുങ്ങി. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്നതാണ്‌ മഹാവിപത്തിന് കാരണമായത്. കനത്ത മഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു അണ രൂപപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും നിർത്താതെപെയ്ത മഴയിൽ ഉരുൾപൊട്ടി. ഒഴുകിയെത്തിയ മണ്ണും വെള്ളവും അണക്കെട്ട്‌ തകർത്തു. വെള്ളപ്പാച്ചിൽ മനുഷ്യശരീരങ്ങളും വീടും വളർത്തുമൃഗങ്ങളും കുടിലുകളുമെല്ലാം കവർന്നെടുത്തു. റോഡ് ഗതാഗതം പൂർണമായും താറുമാറായി. റെയിൽപാളങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് സർവീസുകൾ നിലച്ചു. അതോടെ മൂന്നാർ റെയിൽവേ സംവിധാനവും ചരിത്രമായി. താഴ്‌ന്നപ്രദേശങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. വൈദ്യുതി, ടെലിഫോൺ, റെയിൽവേ, റോപ് വേ, റോഡ്, വിദ്യാലയങ്ങൾ, ആശുപത്രി എന്നിവയെല്ലാം പ്രളയം തകർത്തു. ചില ഗ്രാമങ്ങൾതന്നെ ഇല്ലാതായി. ​ നഷ്‌ടപ്പെട്ട നഗരം ബ്രിട്ടീഷുകാർ പടുത്തുയർത്തിയ മൂന്നാർ പട്ടണം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ട് മാതൃകയിൽ നിർമിച്ചെടുത്ത പട്ടണത്തിൽ അക്കാലത്തെ അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയിരുന്നു. വളർന്നുകൊണ്ടിരുന്ന ആ നഗരത്തെ പ്രളയം അക്ഷരാർഥത്തിൽ തകർത്തെറിഞ്ഞു. കുണ്ടളവാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയിൽ പാതകളും സ്റ്റേഷനുകളും പ്രളയം പൂർണമായി ഇല്ലാതാക്കി. 1902ൽ സ്ഥാപിച്ച റെയിൽപ്പാത മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്റെ അതിർത്തിയായ ടോപ് സ്റ്റേഷൻ വരെയായിരുന്നു. മുതിരപ്പുഴയാറിന്റെ തീരത്തെ മൂന്നാർ ഫാക്ടറി, ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ, മൂന്നാർ സപ്ലൈ അസോസിയേഷൻ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. പഴയ മൂന്നാറിൽനിന്ന് ഒരു കി.മീറ്റർ മാറി നിർമിച്ചുതുടങ്ങിയ പുതിയ മൂന്നാർ പട്ടണം പൂർത്തിയാക്കാൻ രണ്ടുവർഷം വേണ്ടിവന്നു. റെയിൽ സംവിധാനം പുനസ്ഥാപിക്കാനാവാതെ വിസ്‌മൃതിയിലാണ്ടു. ഇന്ന്‌ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക്‌ ടൗണിലും സമീപപ്രദേശങ്ങളിലും റെയിൽ പാളങ്ങൾ ഉപയോഗിച്ച് സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ കാണാനാകും.



deshabhimani section

Related News

View More
0 comments
Sort by

Home