മൂന്നാർ
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച റോയൽ ഡബിൾ ഡക്കർ ബസിൽ ഇതുവരെ യാത്ര ചെയ്തത് 26482 പേർ. 80 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. മൂന്നാറിലെ ടൂറിസം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിലാണ് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽനിന്നും ഡബിൾ ഡക്കർ ബസ് ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. മൂന്നാറിൽനിന്നും വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് ഡിപ്പോയിൽ ഉല്ലാസ ബസ് സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡക്കർ സർവീസ് തുടങ്ങിയത്. വിദേശീയരടക്കമുള്ള സഞ്ചാരികൾക്ക് തേയില തോട്ടത്തിനു ഇടയിലൂടെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് ഡബിൾ ഡക്കറിലെ യാത്ര വർണാതീതമാണ്. ബസിന്റെ മുകൾ നിലയിലെ യാത്ര ആനന്ദകരമാണ്. മുകൾ ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിന് 400 ഉം താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പത്, പകൽ 12 30, വൈകിട്ട് നാല് എന്നീ സമയങ്ങളിലാണ് മൂന്നാർ ഡിപ്പോയിൽനിന്നും ആനയിറങ്കൽ അണക്കെട്ടിലേക്ക് യാത്ര തിരിക്കുന്നത്. മറ്റ് കേന്ദ്രങ്ങളിലേക്കും ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
0 comments