സമയക്രമം പാലിക്കാതെ ജൈവമാലിന്യ ശേഖരണം
വ്യാപാരി വ്യവസായി സമിതി നഗരസഭയുടെ വാഹനം തടഞ്ഞു

തിരക്കുള്ള സമയത്ത് നഗരത്തിലെ കടകളിൽനിന്ന് മാലിന്യം ശേഖരിക്കാനെത്തിയ നഗരസഭയുടെ വാഹനം വ്യാപാരി വ്യവസായി സമിതി നേതാക്കൾ തടഞ്ഞപ്പോൾ
കട്ടപ്പന
സമയക്രമം പാലിക്കാതെ നഗരത്തിലെ കടകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കാനെത്തിയ നഗരസഭയുടെ വാഹനം വ്യാപാരി വ്യവസായി സമിതി തടഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ തിരക്കുള്ള സമയത്ത് ജൈവമാലിന്യം ശേഖരിക്കുന്നത് കച്ചവടക്കാരെയും ആളുകളെയും ബുദ്ധിമുട്ടിക്കുന്നതായി നേതാക്കൾ പറഞ്ഞു. സ്വകാര്യ ഏജൻസിക്കാണ് ജൈവമാലിന്യ നീക്കത്തിന് നഗരസഭ കരാർ നൽകിയിരിക്കുന്നത്. കിലോഗ്രാമിന് ഏഴുരൂപ നിരക്കിലാണ് മാലിന്യം ശേഖരിക്കുന്നത്. അമിത തുക ഈടാക്കുന്നതിരെ പലതവണ ചർച്ച നടത്തിയെങ്കിലും നഗരസഭ വ്യാപാരികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു. നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തി ഭാരവാഹികളുമായി ചർച്ച നടത്തി. സമയക്രമീകരണം ഏർപ്പെടുത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, യൂണിറ്റ് സെക്രട്ടറി ജി എസ് ഷിനോജ്, എം ആർ അയ്യപ്പൻകുട്ടി, ആൽബിൻ തോമസ്, പി ജെ കുഞ്ഞുമോൻ, പി ബി സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.









0 comments