ബേബിക്ക് ജീവിതം നൽകിയ മൂട്ടി ‘ഫ്ലേവർ’

മൂട്ടിപ്പഴ അച്ചാറുമായി ബേബി എബ്രാഹം മൂട്ടിപ്പഴമരച്ചുവട്ടിൽ
കെ പി മധുസൂദനൻ
Published on Oct 06, 2025, 12:15 AM | 2 min read
കരിമണ്ണൂർ
മരത്തിൽ ചുവന്നുപഴുത്ത് പാകമായി കിടക്കുന്ന മൂട്ടിപ്പഴം കാണാൻ തന്നെ ചേലാണ്. പശ്ചിമഘട്ട വനമേഖലകളിലെ തനതുവിഭവമാണ് മൂട്ടി. ഗോത്രവർഗ സമൂഹത്തിന്റെ വിഭവമായിരുന്ന മൂട്ടിയെ കാടുകടത്തി നാട്ടിലേക്ക് കൊണ്ടുവന്ന് സ്‌നേഹിച്ച കഥയാണ് വണ്ണപ്പുറം അന്പലപ്പടി മലേക്കുടിയിൽ ബേബി എബ്രഹാമിന് പറയാനുള്ളത്. പഴം ഉണ്ടാകുന്നത് മരത്തിന്റെ ‘മൂട്ടി’ലായതുകൊണ്ടാണ് പഴമക്കാർ ‘മൂട്ടിൽ പഴ’മെന്ന പേര് നൽകിയത്. ഇതുപിന്നീട് മൂട്ടിപ്പഴമായി മാറി. 40 വർഷംമുമ്പ്, ഹൈറേഞ്ചിൽ ജോലിചെയ്‌തിരുന്ന ബേബിയുടെ ജ്യേഷ്ഠ സഹോദരന് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ഒരാളാണ് ആദ്യമായി മൂട്ടിപ്പഴം നൽകിയത്. മൂന്ന് തൈകളിൽ രണ്ടെണ്ണം കേടുകൂടാതെ വളർന്നു. നാലാംവർഷം കായ്‌ച്ചു. ആദ്യ നാളുകളിൽ വീട്ടുമുറ്റത്തെ മൂട്ടിപ്പഴത്തെ കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. പിന്നീടാണ് വിലകിട്ടുമെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് ബേബി മൂട്ടിമരത്തിന്റെ നഴ്‌സറി ആരംഭിച്ചത്. ഇപ്പോൾ ഒന്നര ഏക്കറോളം വരുന്ന റബർതോട്ടത്തിൽ ഇടവിളയായി മുന്നോറോളം മൂട്ടികൾ പരിപാലിച്ചുവരുന്നു. ഇതിൽ അന്പതോളം ഫലം തരുന്നവയാണ്. റബർ ബോർഡ് അംഗീകാരവും നൽകി. 2019-ൽ അന്നത്തെ കാർഷികമന്ത്രി വി എസ് സുനിൽകുമാർ സ്ഥലം സന്ദർശിച്ച് പിന്തുണ നൽകിയിരുന്നു. രുചിയും ഗുണവും കാണാൻ ചെറുതെങ്കിലും രുചിഭേദങ്ങളിൽ അത്ഭുതമാണ് മൂട്ടിപ്പഴം. പുളിയും മധുരവും കലർന്നത്, ചിലത് കൈപ്പും മധുരവും ചേർന്നവ, പുളിമാത്രമുള്ളവ എന്നിങ്ങനെ മൂന്നുവിധമുണ്ട്. ചുവപ്പ്, റോസ്, മഞ്ഞ എന്നിങ്ങനെ മൂന്നുനിറങ്ങളിലുള്ള പഴങ്ങൾ ഉണ്ട്. ചുവപ്പും റോസുമാണ് ബേബിയുടെ തോട്ടത്തിലുള്ളത്. ജനുവരി–മാർച്ച് മാസങ്ങളിലാണ് പൂവിരിയുക. ആറുമാസമെത്തുന്നതോടെ പഴുത്ത് പാകമാകും. മൂട്ടിപ്പഴത്തിലെ ഘടകങ്ങൾ കൊളസ്‌ട്രോൾ, ഷുഗർ എന്നിവ നിയന്ത്രിക്കും. ഇതിന് രക്തത്തിന്റെ കൗണ്ട് വർധിപ്പിക്കാനും കഴിവുണ്ടെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. പഴം ഉണക്കി പൊടിയാക്കി വെള്ളത്തിൽ ലയിപ്പിച്ചും ഉപയോഗിക്കാം. മണ്ണൂത്തി കാർഷിക സർവകലാശാല മൂട്ടിപ്പഴത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. വൈൻ നിർമിക്കാനും ഇവ ഉപയോഗിക്കുന്നു. പഴം ഉപ്പിലിട്ടുവച്ചാൽ മാസങ്ങളോളം കേടാകാതിരിക്കും. പ്രോട്ടീനിന്റെ കാര്യത്തിൽ ആപ്പിളും മാങ്ങയും ഇതിന് പിന്നിലാണ്. അച്ചാർ വിപണിയിലും തിളങ്ങി ഗോത്രവർഗ വിഭാഗക്കാർ മൂട്ടിപ്പഴംകൊണ്ട് അച്ചാർ ഉണ്ടാക്കി ഉപയോഗിക്കുന്നതായി അറിഞ്ഞതോടെ ഒരു കൈ അതിലും പരീക്ഷിച്ചു. ബേബിയുടെ മകൾ ജെന്റീയുടെ പേരിൽ ലൈസൻസെടുത്ത് മൂട്ടിപ്പഴം അച്ചാർ നിർമാണം ആരംഭിച്ചു. അച്ചാറിന്റെ രുചിയറിഞ്ഞ് ആവശ്യക്കാർ വർധിച്ചു. ഇതോടെ സ്വന്തമായി മാർക്കറ്റിങ്ങും ആരംഭിച്ചു. 150 ഗ്രാമിന് 250 രൂപയ്‌ക്കാണ് വിൽപ്പന. കേരളത്തിലെ ഏക നഴ്‌സറി മൂട്ടിവൃക്ഷത്തെ ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക അംഗീകൃത നഴ്‌സറിയാണ് ബേബിയുടേത്. രണ്ടുമാസം പ്രായമുള്ള തൈയ്ക്ക് 300 മുതലാണ് വില. ആറുമാസംവരെ പ്രായമുള്ള തൈകൾക്ക് വിലകൂടും. തൈകളിൽ ആൺ–പെൺ വ്യത്യാസമുണ്ട്. ജോഡി ചേർത്താണ് വിൽപ്പന. വിത്തെടുക്കൽ മുതൽ വിളവെടുപ്പുവരെ സൂക്ഷ്‌മമായി പഠിച്ച ബേബിയുടെ അർപ്പണം മാത്രമാണ് വിജയരഹസ്യം.









0 comments