5,6 ജനറേറ്ററുകളിലെ സ്‌പെറിക്കല്‍ വാല്‍വില്‍ ചോര്‍ച്ച
മൂലമറ്റം വൈദ്യുതി നിലയം നാളെമുതൽ ഒരുമാസത്തേയ്ക്ക് അടച്ചിടും

മൂലമറ്റം പവർഹൗസ
മൂലമറ്റം
അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം ചൊവ്വാഴ്‌ച മുതൽ ഒരുമാസത്തേയ്ക്ക് അടച്ചിടും. വൈദ്യുതി നിലയത്തിലെ അഞ്ച്, ആറ് നമ്പര്‍ ജനറേറ്ററുകളിലെ സ്‌പെറിക്കല്‍ വാല്‍വിലെ(മെയിന്‍ ഇന്‍ടെയ്ക്ക് വാല്‍വ്-എംഐവി) ചോര്‍ച്ച പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി നവംബർ 11 മുതല്‍ ഡിസംബര്‍ 10വരെ വൈദ്യുതോൽപ്പാദനം പൂര്‍ണമായും നിര്‍ത്തുന്നത്. ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ച്, ആറ് ജനറേറ്ററുകളിലെ സ്‌പെറിക്കല്‍ വാല്‍വിലെ ചോര്‍ച്ചകണ്ടത് മുകള്‍ഭാഗത്തെ സീലിന്റെ തകരാറായിരുന്നു. ഇത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ചോര്‍ച്ച കൂടി. ഇൗ ജൂലൈയില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പെരുമഴയുണ്ടായതിനാൽ നടന്നില്ല. സുരക്ഷാകാരണങ്ങളാല്‍ ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് വൈദ്യുതിനിലയം അടച്ചിട്ട് തകരാര്‍ പരിഹരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ഓരോ വാല്‍വ് വീതം ക്രയിനുപയോഗിച്ച് മാറ്റിയ ശേഷമാണ് പണി നടത്തുക.
ഒരു മാസം സമയമെടുക്കുന്നത്. വൈദ്യുതി നിലയത്തിലെ ജീവനക്കാര്‍ക്ക് പുറമേ പുറത്തുനിന്നുള്ള വിദഗ്ധരും ഈ ജോലിക്കായി ഉണ്ടാകും. ഒരുമാസത്തിനുള്ളില്‍ത്തന്നെ തകരാര്‍ പരിഹരിച്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഒരു കാരണവശാലും ഇത് ബാധിക്കില്ലെന്ന് വൈദ്യുതി ബോഡ് ചീഫ് എന്‍ജിനിയര്‍ വിജു രാജന്‍ ജോണ്‍ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാപ് അടിസ്ഥാനത്തില്‍ കേരളം വൈദ്യുതി നല്‍കിയിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അത് അവര്‍ തിരികെ തരും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദിവസവും 600 മെഗാവാട്ട് വൈദ്യുതി മാത്രമേ മൂലമറ്റം വൈദ്യുതിനിലയത്തില്‍നിന്നും പീക്ക് ടൈമില്‍ എടുക്കാറുള്ളു. ഇത്രയും വൈദ്യുതി തിരികെ ലഭിക്കാന്‍ നേരത്തേതന്നെ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. നീരൊഴുക്ക് പരിഗണിക്കുമ്പോള്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയാലും 2400 അടിയില്‍ മുകളിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരില്ലെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. നവംബര്‍ 10 വരെ പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിച്ച് ജനിരപ്പ് ക്രമീകരിക്കും. 2385.8 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താറുള്ളതാണ്. ഓരോ ജനറേറ്ററുകള്‍ ഓരോ മാസവും എന്നീ നിലയിലാണ് ഇത് ചെയ്തിരുന്നത്. അതിനാല്‍ വൈദ്യുതോൽപ്പാദനം പൂര്‍ണമായും നിര്‍ത്താറില്ല. 2019 ഡിസംബര്‍ ഏഴുമുതല്‍ 17വരെ ഒന്നാം നമ്പര്‍ ജനറേറ്ററിലെ വാല്‍വ് മാറ്റാൻ 10 ദിവസത്തേയ്ക്ക് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിരുന്നു.








0 comments