വളവിൽ ലോറി കുടുങ്ങി; ഗതാഗതം മുടങ്ങി

മുല്ലക്കാനം–കൊച്ചുപ്പ് റോഡിലെ തുണ്ടിയിൽ വളവിൽ ലോറി കുടുങ്ങിയ നിലയിൽ
രാജാക്കാട്
മുല്ലക്കാനം–കൊച്ചുപ്പ് റോഡിൽ തുണ്ടിയിൽ വളവിൽ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. വെള്ളി രാവിലെ എട്ടിനാണ് സംഭവം. പൊള്ളാച്ചിയിൽനിന്ന് കോൺക്രീറ്റ് വൈദ്യുതി പോസ്റ്റുകളുമായി ചിത്തിരപുരത്തേക്ക് പോകുകയായിരുന്ന ലോറി വളവ് തിരിയാനാകാതെ ക്രാഷ് ബാരിയറിൽ തട്ടിനിൽക്കുകയായിരുന്നു. രാജാക്കാടുനിന്ന് മണ്ണുമാന്തി യന്ത്രമെത്തിച്ച് ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കിയത്. ലോറി തട്ടിയതിനെ തുടർന്ന് ക്രാഷ് ബാരിയറിന് സമീപം റോഡിൽ വിള്ളൽ വീണിട്ടുണ്ട്. മുല്ലക്കാനം–എല്ലക്കൽ റോഡിന്റെ നിർമാണം നടക്കുന്നതിനാൽ കൊച്ചുപ്പ് വഴിയാണ് അടിമാലി, മൂന്നാർ, രാജാക്കാട്, തേക്കടി, പൂപ്പാറ മേഖലകളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. സ്കൂൾ, കോളേജ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴിയാണ് കടന്നുപോകുന്നത്. മുല്ലക്കാനത്തുനിന്ന് തിരിയുന്ന വാഹനങ്ങൾ കൊച്ചുമുല്ലക്കാനം വെള്ളരിങ്ങാട്ട് പടിയിൽനിന്ന് തിരിഞ്ഞ് തകിടിയേൽപടിയിൽ ചെന്നാണ് കൊച്ചുപ്പ് റോഡുമായി സംഗമിക്കുന്നത്. വശങ്ങൾ ഇടിഞ്ഞ് തകർന്നുകിടക്കുന്ന റോഡിലൂടെയാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത്. അപകടം നടന്ന ഭാഗത്ത് മുമ്പും നിരവധി വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. ഇറക്കത്തിലുള്ള കൊടുംവളവിൽ മതിയായ സൂചന ബോർഡുകളോ കണ്ണാടികളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ റോഡിൽ പരിചയക്കുറവുള്ള ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ കുടുങ്ങുന്നത് പതിവാണ്. ഇത് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments