പെരുവന്താനം പഞ്ചായത്ത്
ഓർമയില്ലേ, ആ എൽഡിഎഫ് കാലം

തിലകൻ സ്മാരക പാർക്കിലെ പെടൽ ബോട്ടുകൾ കരയിൽ കൂട്ടിയിട്ട് നശിച്ച നിലയിൽ

സ്വന്തം ലേഖകൻ
Published on Jul 17, 2025, 12:39 AM | 1 min read
ഏലപ്പാറ
നാടിന്റെ വികസന സ്വപ്‌നങ്ങളെ തല്ലിക്കൊഴിച്ച ഇരുണ്ട നാളുകളാണ് നാലരവർഷത്തെ യുഡിഎഫ് ഭരണം പെരുവന്താനത്തിന് സമ്മാനിച്ചത്. അതിനുമുമ്പ് നാട് തൊട്ടറിഞ്ഞ വികസനക്കുതിപ്പിന്റെ എൽഡിഎഫ് കാലം ആർക്കും നിഷേധിക്കാനാവില്ല. എന്നാൽ യുഡിഎഫിന്റെ കൈയിൽ ഭരണം ലഭിച്ചതോടെ കാർഷിക–തോട്ടം മേഖലയായ പഞ്ചായത്ത് വികസന, ക്ഷേമരംഗത്ത് വളരെ പിന്നാക്കംപോയി. എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ നാടിന്റെ അഭിമാനസ്‌തംഭങ്ങളായിരുന്നു. മണിക്കലാറ്റിൽ തടയണയുൾപ്പെടെ കെട്ടി, യാഥാർഥ്യമാക്കിയ ലേയ്‌ക്ക് ആൻഡ് പാർക്ക് വിനോദസഞ്ചാര മേഖലയ്‌ക്ക് മുതൽക്കൂട്ടായിരുന്നു. അന്തരിച്ച നടൻ തിലകന്റെ സ്‌മരണാർഥം, അദ്ദേഹത്തിന്റെ പേര് പാർക്കിന് നൽകിയതോടെ സംസ്ഥാനത്താകെ പദ്ധതി ശ്രദ്ധിക്കപ്പെട്ടു. പാഞ്ചാലിമേട് വികസനത്തിന് കോടികൾ ചെലവാക്കി. റോഡും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതോടെ പ്രതിവർഷം പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്. അന്തർദേശീയ ശ്രദ്ധനേടിയ വാഗമണ്ണിലും നിരവധി വികസന പ്രവൃത്തികൾ എൽഡിഎഫ് ഭരണസമിതി നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം കീഴ്‌മേൽ മറിയുന്നതാണ് യുഡിഎഫ് കാലത്ത് കണ്ടത്. മണിക്കൽ തിലകൻ സ്മാരക പാർക്ക് അറ്റക്കുറ്റപ്പണിയോ ശ്രദ്ധയോ ഇല്ലാതെ നശിപ്പിച്ചു. എന്നാൽ പാർക്കിന്റെ പേരിൽ യുഡിഎഫ് നടത്തിയ നിരവധി അഴിമതിക്കഥകളാണ് പിന്നീട് പുറത്തുവന്നത്. കെടുകാര്യസ്ഥതയും കഴിവില്ലായ്‌മയും മൂലം പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്. തനത് വരുമാനം ലഭിച്ചിരുന്ന പദ്ധതികളെല്ലാം നാശത്തിന്റെ പടുകുഴിയിലാണ്. ഇതോടെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനരോഷവും ശക്തമായി.









0 comments