ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണം
എല്‍ഡിഎഫ് പ്രതിഷേധം 23ന്

തൊടുപുഴ
ഖത്തര്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അകാരണമായി ആക്രമിച്ച് യുദ്ധാന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ 23ന് വൈകിട്ട് അഞ്ചിന് തൊടുപുഴയില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ സലിംകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഖത്തര്‍. അമേരിക്കന്‍ പിന്തുണയോടെയും ഇന്ത്യയുടെ മൗനാനുവാദത്തോടെയുമാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ഗാസയില്‍ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്ന് വംശഹത്യ നടത്തുന്ന ഇസ്രയേല്‍ ഏതുരാജ്യത്തിനുമേലും കടന്നുകയറുന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ലോകത്തെല്ലായിടത്തും പ്രതിഷേധം ഉയരുകയാണ്. യുദ്ധോപകരണങ്ങള്‍ വിറ്റഴിക്കാനും സാമ്രാജ്യത്വ അധീശത്വം അരക്കിട്ടുറപ്പിക്കാനും അമേരിക്ക യുദ്ധവെറിയന്‍മാര്‍ക്ക് ഊര്‍ജം പകരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ അധിവസിക്കുന്ന ഖത്തറിനെതിരായുള്ള ആക്രമണം ഒറ്റപ്പെട്ടതായി കാണാനാവില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയെല്ലാമുള്ള മുന്നറിയിപ്പിന്റെ സ്വരത്തിലാണ് ഖത്തറിനെതിരായ ആക്രമണം. അമേരിക്കയും ഇസ്രയേലും ചേര്‍ന്നുനടത്തുന്ന സൈനികാക്രമണങ്ങള്‍ക്കെതിരെ ഇടതുപക്ഷം രാജ്യത്താകെ പ്രക്ഷോഭങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിൽ നടത്തുന്ന പ്രതിഷേധം.









0 comments