ഭൂപതിവ് നിയമഭേദഗതി ചട്ടം
ചരിത്രതീരുമാനത്തിന് ഹൈറേഞ്ച് ജനതയുടെ ഐക്യദാർഢ്യം

എല്‍ഡിഎഫ് ഇടുക്കി മണ്ഡലം കമ്മിറ്റി ചെറുതോണിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സി വി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു
ചെറുതോണി
ഇടുക്കിയിലെ ജനങ്ങളുടെ സുഗമവും സ്വതന്ത്രവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ചരിത്ര തീരുമാനമാണ് ചട്ടഭേദഗതിയെന്നുറക്കെ പ്രഖ്യാപിച്ച് ചെറുതോണിയില്‍ എല്‍ഡിഎഫ് ഇടുക്കി മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം സി വി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ പ്രകടനത്തിന് ശേഷമാണ് സെന്‍ട്രല്‍ ജങ്ഷനില്‍ പൊതുയോഗം നടന്നത്. ഭൂ നിയമ ഭേദഗതിയും ചട്ട രൂപീകരണവും നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിച്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനെതിരെ അക്രമം അഴിച്ചുവിടാനും ഓഫീസ് സ്തംഭിപ്പിക്കാനും യുഡിഎഫ് നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് രാഷ്ട്രീയ പൊതുസമ്മേളനം സംഘടിപ്പിച്ചത്. പൊലീസിനെയും വാഹനത്തെയും ആക്രമിച്ച് തീവ്രസ്വഭാവമുള്ള സമരങ്ങളിലേക്ക് യുഡിഎഫ് പോയാല്‍ രാഷ്ട്രീയ പ്രതിരോധത്തിന് എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനവേദിയായി സമ്മേളനം മാറി. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ ഒന്നൊന്നായി പിണറായി സര്‍ക്കാര്‍ പരിഹരിച്ച് കഴിഞ്ഞു. കോടതി വ്യവഹാരങ്ങളില്‍ മാത്യു കുഴല്‍നാടനും സംഘവും തളച്ചിട്ട കുടിയേറ്റ ജനതയെ സമ്പൂര്‍ണമായി മോചിപ്പിക്കാന്‍ നിയമനിര്‍മാണത്തിനും ചട്ട രൂപീകരണത്തിനുമാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ആയിരക്കണക്കായ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകളും നിയമസാധുതയിലേക്ക് എത്തുന്ന ഘട്ടത്തിലും ബഫര്‍സോണ്‍ 10 കിലോ മീറ്ററാക്കണമെന്ന് വാദിച്ച ഹരിത എംഎല്‍എ വി ഡി സതീശന്റെ യോഗത്തില്‍പോയ മത–- സാമുദായിക നേതാക്കള്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എംപിയുടെ കഴിവുകേടുകൊണ്ട് നിര്‍മാണം തടസ്സപ്പെട്ടു. ദേശീയപാതയുടെ പേരില്‍ അക്രമ സമരങ്ങള്‍ തുടര്‍ന്നാല്‍ ഇടതുപക്ഷം നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. യോഗത്തിൽ എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കണ്‍വീനര്‍ അനില്‍ കൂവപ്ലാക്കന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍, രാരിച്ചന്‍ നീറണാകുന്നേല്‍, സി എം അസീസ്, പി ബി സബീഷ്, കെ ജി സത്യന്‍, വി ആര്‍ ശശി, ജോസ് കുഴികണ്ടം, സിനോജ് വള്ളാടി, ഷാജി കാഞ്ഞമല, ഷിജോ തടത്തില്‍, എം കെ പ്രിയന്‍ എന്നിവര്‍ സംസാരിച്ചു.









0 comments