ജനകീയ സര്‍ക്കാര്‍ തണലില്‍ പുതുജീവിതത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2025, 12:15 AM | 1 min read

ഇടുക്കി

കുടിയേറ്റ ജനതയും കര്‍ഷകരും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ല അതിദാരിദ്ര മുക്തം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‍ന പദ്ധതിയുടെ തണലില്‍ ജീവിതത്തിന് പുതുനിറം ലഭിച്ചത് അനേകര്‍ക്ക്. ‘ഒരു കുടുംബം പോലും പിന്നിലാകരുത്' എന്ന പ്രതിജ്ഞയോടെ തദ്ദേശ സ്ഥാപനങ്ങൾ, വകുപ്പുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ ഇടപെടലാണ് ലക്ഷ്യത്തിലെത്തിയത്. വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ലക്ഷ്യം സാധ്യമായത്. കഴിഞ്ഞ തിങ്കളാഴ്‍ചയാണ് മന്ത്രി എം ബി രാജേഷ് ജില്ലയെ അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചത്. അര്‍ഹരിലേക്ക് ​ജില്ലയില്‍ 2665 അതിദരിദ്ര കുടുംബങ്ങളെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. സ്ഥലം മാറി പോകുകയോ മരണപ്പെടുകയോ ചെയ്തവർ ഒഴികെ 2,392 കുടുംബങ്ങൾ. ജില്ലയില്‍ 52 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന നഗരസഭകളുമാണുള്ളത്. ഇവര്‍ക്കായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നിങ്ങനെ നാല് പൊതുഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഭക്ഷ്യക്കിറ്റ് വിതരണം, പാചകംചെയ്‍ത ഭക്ഷണം എന്നിവയിലൂടെ 802 കുടുംബങ്ങള്‍ക്ക് ഭക്ഷണസുരക്ഷയൊരുക്കി. ആരോഗ്യമേഖലയില്‍ 949 കുടുംബങ്ങള്‍ക്ക് മരുന്ന്, 198 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് ചികിത്സ, 20പേര്‍ക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി. പാര്‍പ്പിടവുമായി ബന്ധപ്പെട്ട് ഭവനരഹിതര്‍ക്കും ഭൂരഹിത ഭവനരഹിതര്‍ക്കും ലൈഫിലൂടെ 431 വീട് നിര്‍മിച്ച് നല്‍കി. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെ 180 കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികളും നടപ്പാക്കി. കുട്ടികളെ സ്‍കൂളില്‍ ചേര്‍ക്കല്‍, സൗജന്യ യാത്രാപാസ്, അഡ്മിഷൻ, പഠനോപകരണങ്ങള്‍, 131 തിരിച്ചറിയല്‍ കാര്‍ഡ്, 123 ആധാര്‍ കാര്‍ഡ്, 260 ഹെല്‍ത്ത് ഇൻഷുറൻസ്, 30 സാമൂഹ്യസുരക്ഷാ പെൻഷൻ, 29 ബാങ്ക് അക്കൗണ്ട്, രണ്ട് ഭിന്നശേഷി കാര്‍ഡ്, എട്ട് കുടുംബശ്രീ അംഗത്വം, 35 തൊഴില്‍കാര്‍ഡ്, 104 റേഷൻകാര്‍ഡ്, മൂന്ന് ഗ്യാസ് കണക്ഷൻ എന്നിവയും ലഭ്യമാക്കി. വെല്ലുവിളികളിലൂടെ ​ഭൂമി ലഭ്യതക്കുറവ്, ഭൂപ്രദേശത്തിന്റെ വ്യാപ്‌തി, ഉൾപ്രദേശങ്ങളിലെ സേവന ലഭ്യതക്കുറവ് എന്നിവ പ്രധാന വെല്ലുവിളികളായിരുന്നു. അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായ കുടുംബങ്ങൾക്ക് തുടർച്ചയായ പിന്തുണ നല്‍കും. പുതിയ തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും. ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ള കുടുംബങ്ങളെ തിരിച്ചറിഞ്ഞ് ചേര്‍ത്തുപിടിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home