കട്ടപ്പനയിലെ ഷോപ്പ്‌ സെെറ്റുകൾക്ക് പട്ടയം

സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചു: എല്‍ഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2025, 12:15 AM | 1 min read

ചെറുതോണി

കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വിസ്തൃതി പരിഗണിക്കാതെ ഷോപ്പ്‌ പട്ടയം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. കഴിഞ്ഞ 15ലെ മന്ത്രിസഭാ യോഗമാണ് കട്ടപ്പനയിൽ പട്ടയം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. 18ന് തന്നെ സർക്കാർ ഉത്തരവിറക്കിയത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലയിലാകെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണെങ്കിലും കൂടുതല്‍ പ്രയോജനം ലഭിക്കുക കട്ടപ്പനയിലെ വ്യാപാരികള്‍ക്കാണ്.

പതിറ്റാണ്ടുകളായ ആവശ്യം

പതിറ്റാണ്ടുകളായി കട്ടപ്പനയിലെ വ്യാപാരസമൂഹത്തിന്റെ ആവശ്യമാണ് പിണറായി സര്‍ക്കാര്‍ പരിഹരിച്ചത്. കെട്ടിട അനുമതിയില്ലാതെയും കൈവശ ഭൂമിയിലുമുള്‍പ്പടെ പണിതിട്ടുള്ള കെട്ടിടങ്ങള്‍ക്കാണ് പട്ടയം നല്‍കാന്‍ ഉത്തരവായത്. പട്ടയം ലഭിക്കുന്നതോടെ വ്യാപാരികള്‍ക്ക് ബാങ്കുകളില്‍നിന്നോ, മറ്റിതര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ വായ്പ ലഭ്യമാക്കുന്നതുള്‍പ്പടെ വലിയപ്രയോജനമുണ്ടാകും. 1960ലെ ഭൂ പതിവ് നിയമ ഭേദഗതി യാഥാർഥ്യമാക്കിയശേഷം സര്‍ക്കാര്‍ ചട്ടവും രൂപീകരിച്ചിരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ 15ന് പ്രസിദ്ധപ്പെടുത്തി. നിയമം ഭേദഗദി ചെയ്യുകയോ ചട്ടം രൂപീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള മറുപടികൂടിയായിരുന്നു പുതിയ ഉത്തരവ്. പട്ടയ വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ചിട്ടുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്ന വിജ്ഞാപനത്തിലൂടെ മുഴുവന്‍ വീടുകള്‍ക്കും അളവോ, വലിപ്പമോ നോക്കാതെ സൗജന്യമായി നിയമസാധുതയാകും.

കെട്ടുകളഴിച്ച് സര്‍ക്കാര്‍

ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഒന്നൊന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹരിക്കുകയാണ്. മലയോര ജനതയോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഷോപ്പ് സൈറ്റുകൾക്ക് വേണ്ടിയുള്ള പുതിയ ഉത്തരവ്. മന്ത്രിറോഷി അഗസ്റ്റിനും എല്‍ഡിഎഫ് ജില്ലാ നേതൃത്വവും കൂട്ടായി നടത്തിയ പരിശ്രമമാണ് വിജയം കണ്ടതെന്ന് കണ്‍വീനര്‍ കെ സലിംകുമാര്‍, നേതാക്കളായ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അഡ്വ. കെ ടി മൈക്കിള്‍, കോയ അമ്പാട്ട്, കെ എന്‍ റോയി, സി എസ്‌ രാജേന്ദ്രന്‍, രതീഷ് അത്തിക്കാലില്‍, സിബി മൂലേപ്പറമ്പില്‍, ജോണി ചെരുവുപറമ്പില്‍, കെ എം ജബ്ബാര്‍ എന്നിവര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home