നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാത്ത കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു: സി വി വര്‍ഗീസ്

എല്‍ഡിഎഫ് നയവിശദീകരണ യോഗം അണക്കരയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ ഭൂപതിവ് നിയമ ഭേദഗതിചട്ടം ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കോണ്‍ഗ്രസും ബിജെപിയും കപട പരിസ്ഥിതിവാദികളും നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ എല്‍ഡിഎഫ് അണക്കരയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രഹസന സമരങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ്, നിലവില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടം സംബന്ധിച്ച് ഇതുവരെ നിര്‍ദേശങ്ങളോ പരാതികളോ സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍, ചട്ടത്തിന്റെ കരട് പരിശോധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി 13 നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റിക്കുമുമ്പാകെവച്ചു. ക്രമവല്‍ക്കരണത്തിന് കര്‍ഷകര്‍ അപേക്ഷ നല്‍കണമെന്ന നിര്‍ദേശം ചട്ടത്തില്‍നിന്ന് നീക്കി. 3000 ചതുരശ്ര അടിവരെയുള്ള നിര്‍മാണങ്ങളും അപേക്ഷ നല്‍കാതെ ക്രമീകരിക്കും. എല്ലാ ആരാധനാലയങ്ങളും സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും ഫീസ് ഇല്ലാതെ ക്രമവല്‍ക്കരിക്കും. മലയോര മേഖലയെ സങ്കീര്‍ണതകളിലേക്ക് തള്ളിവിട്ട കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതും പിന്നീട് കോടതി വ്യവഹാരങ്ങള്‍ക്ക് തുടക്കമിട്ടതും കോണ്‍ഗ്രസാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ ബില്‍ കത്തിച്ച് പ്രതിഷേധിച്ചതും യുഡിഎഫാണ്. ഒരു അപാകതകളുമില്ലാതെ ഈമാസം ഭൂപതിവ് നിയമ ഭേദഗതി ചട്ടം പുറത്തിറങ്ങുമ്പോള്‍ പതിനായിരങ്ങളെ അണിനിരത്തി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അഭിവാദ്യ സമ്മേളനം കട്ടപ്പനയില്‍ സംഘടിപ്പിക്കും. ചട്ടം നിയമമാകുമ്പോള്‍ ജില്ലയില്‍ വികസന മുന്നേറ്റമുണ്ടാകും. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിതെന്നും സി വി വര്‍ഗീസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, എസ് സുധീഷ്, സതീഷ് ചന്ദ്രന്‍, കുസുമം സതീഷ്, ജോസ് പുതുമന, സനീഷ് ചന്ദ്രന്‍, ഷെല്ലി തോമസ്, അജി പോളച്ചിറ എന്നിവര്‍ സംസാരിച്ചു.









0 comments