ഭൂവിനിയോഗ അവകാശം
ആഹ്ലാദത്തിൽ മലയോരം


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:45 AM | 1 min read
ഇടുക്കി
മലയോര കർഷകന്റെ കണ്ണീരും കിനാവും വീണ മണ്ണിൽ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശം നൽകിയ മന്ത്രിസഭാ തീരുമാനം കർഷകരെ ആഹ്ലാദത്തിലാക്കി. പട്ടയഭൂമിയിൽ വീടും കൃഷിയും മാത്രമെന്ന തടസംമാറി കാർഷികേതര പ്രവർത്തനങ്ങളും നിയമപരമായ അംഗീകാരത്തോടെ മുന്നോട്ടുപോകാനാകുമെന്ന പ്രഖ്യാപനമാണ് കർഷകർക്ക് സന്തോഷമേകുന്നത്. ഭൂപതിവ് ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ ഇടുക്കിക്കാർക്ക് ആശ്വാസവാതിൽ തുറന്നുനൽകി. 1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം നേടിയവർക്ക് വീടോ കൃഷിയോ മാത്രമായിരുന്നു അനുവദനീയം. നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമഭേദഗതി വരുത്തിയത്. നിയമം നിലവിൽവരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമാണങ്ങൾ സാധൂകരിക്കാനും പതിച്ചുനൽകിയ ഭൂമിയിൽ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുമതി നൽകാനും ചട്ടം വ്യവസ്ഥചെയ്യുന്നു. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവ ഇതോടെ നിയമപരമായ നിർമിതികളാകും. വർഷങ്ങളായി നിലം കൈവശമുണ്ടായിട്ടും നിയമപരമായി ഒരു നിർമാണവും നടത്താനാവാതിരുന്നവര്‍ക്കാണ് ഭൂപതിവ് നിയമ ഭേദഗതിയുടെ പുതിയ ചട്ടങ്ങൾ ആത്മവിശ്വാസമാകുന്നത്. കൃഷിയിലൊതുങ്ങിയിരുന്ന ഭൂമി ഇനി ഉപജീവനത്തിനുള്ള നിരവധി വഴികൾ തുറക്കും. ഭൂപതിവ് നിയമഭേദഗതി ബില്ലിന്റെ നാൾവഴികൾ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ തീരുമാനം പ്രായോഗികരൂപം നേടിയത് 2023 ആഗസ്‌തിലാണ്. നിയമഭേദഗതിയുടെ കരട് നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2023 സെപ്തംബർ 14ന് നിയമസഭയിൽ അവതരിപ്പിച്ചു, ഐകകണേ്ഠ്യന പാസായി. എന്നാൽ, ഗവർണറുടെ താൻപോരിമമൂലം നിയമമാകാതെ കുടുങ്ങി. നീണ്ട തർക്കങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ഒടുവിൽ, 2024 ഏപ്രിൽ 27ന് ഗവർണർ ബില്ലിൽ ഒപ്പുവച്ചു. 2024 ജൂൺ ഏഴിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂപതിവ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നെന്ന ഔദ്യോഗിക പ്രഖ്യാപനം ഇതോടെയാണ് നടന്നത്. അതിന്റെ പ്രായോഗികത ഉറപ്പാക്കുന്ന കരട് ചട്ടങ്ങൾക്ക് 2025 ജൂണിൽ അന്തിമരൂപം നൽകി. ആഗസ്ത് 27ന് മന്ത്രിസഭായോഗം കരട് ചട്ടങ്ങൾ അംഗീകരിച്ചു. പട്ടയഭൂമിയിലെ വീടുകൾ, വാണിജ്യകെട്ടിടങ്ങൾ, കാർഷികേതര വിനിയോഗങ്ങൾ എന്നിവയ്ക്കുള്ള നിയമപരമായ അംഗീകാരം ഇതോടെ യാഥാർഥ്യമായി.









0 comments