മൊട്ടക്കുന്നിൽ ഭൂമാഫിയ വാഴ്ച


സ്വന്തം ലേഖകൻ
Published on Aug 30, 2025, 12:45 AM | 1 min read
ഏലപ്പാറ
വാഗമണ്ണിൽ ഭൂമാഫിയ കൈയേറിയ സർക്കാർ വക പുൽമേടുകൾ ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശം തന്നെ. വാഗമൺ വില്ലേജിൽ 23 കൈയേറ്റക്കാരെയാണ് ഒഴിപ്പിച്ച് സർക്കാർ വക ഭൂമിയെന്ന് ബോർഡുകൾ സ്ഥാപിച്ചത്. ഒഴിപ്പിക്കാൻ ചുമതലപ്പെടുത്തിയ ദൗത്യസംഘത്തിന്റെ കണ്ടെത്തലുകളെല്ലാം അട്ടിമറിച്ച് ഭൂമി കൈയേറ്റക്കാരുടെ പക്കൽ സുരക്ഷിതമായുണ്ട്. മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തി പുൽമേടുകൾ മണ്ണുമാന്തി യന്ത്രസഹായത്തോടെ കുത്തിയിളക്കി തേയിലച്ചെടികൾ നട്ടുവളർത്തിയതിന് പിന്നിൽ ഗുഢലക്ഷ്യം. ഇത് കൃഷി ഭൂമിയാണന്ന് വരുത്താനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഉപദേശവും ഒത്താശയുമുണ്ട് വർഷങ്ങൾക്ക് മുമ്പ് നൽകിയ മിച്ചഭൂമി പട്ടയത്തിന്റെ മറവിലും സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട്. ഏഴ് ദൗത്യസംഘങ്ങൾ വിവിധ ഘട്ടങ്ങളിൽ കൈയേറ്റം ഒഴിപ്പിക്കാൻ വാഗമൺ വില്ലേജിൽ എത്തിയിട്ടുണ്ട്. അവസാനഘട്ടത്തിൽ സംസ്ഥാന റവന്യൂ വിഭാഗം മേധവികളിൽ ഒരാളായ എൻ ഗോപാലാൻ തലവനായ ദൗത്യസംഘം ഒഴിപ്പിച്ച ഭൂമിയാണ് കൈയേറ്റക്കാരുടെ കൈവശമുള്ളതും മറിച്ചു വില്‍പ്പന നടത്തിവരുന്നതും. വാഗമൺ വില്ലേജ് 1208 സർവേനമ്പരില്‍ 17ഏക്കർ ഒഴിപ്പിക്കുകയും ഈ ഭൂമി ഭൂരഹിതർക്ക് വിതരണംചെയ്യാൻ മുന്നുസെന്റ് വീതം അളന്ന് നീക്കിയിട്ടുള്ളതുമാണ്. എന്നാല്‍, ഇത് ഇപ്പോഴും കൈയേറ്റക്കാരന്റെ കൈവശമാണ്. കോലഹലമേട് വെറ്ററിനറി സർവകലശാലയുടെ കൈവശമുള്ള പുൽമേടുകളായ ഭൂമിയും കൈയേറി തെയില ചെടികൾ നട്ടുവളർത്തി കൈവശപ്പെടുത്തുവാനുള്ള നീക്കം തകൃതിയായി നടക്കുന്നു. വാഗമണ്ണിലെ റവന്യൂ അധികാരികൾക്ക് കൈയേറ്റം നടക്കുന്ന പ്രദേശത്തെ കുറിച്ച് വ്യക്തയില്ലാത്തതും പല ഭൂമി കൈയേറ്റങ്ങളും കോടതി വ്യവഹാരങ്ങളിപ്പെട്ടതാണന്നും ആക്ഷേപമുണ്ട്.









0 comments