ലാബ് സമുച്ചയം നാടിന്‌ സമർപ്പിച്ചു

ഉന്നതവിദ്യാഭ്യാസ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുത്ത സംസ്ഥാനമായി കേരളം മാറിയെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ.

മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2025, 11:54 PM | 2 min read

ഇടുക്കി

ഉന്നതവിദ്യാഭ്യാസ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർന്നു. രാജ്യത്തെ മികച്ച കോളേജുകളിൽ സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെടുന്നു. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവകലാശാല സ്ഥാപിതമായത് കേരളത്തിലാണ്. സമൂഹത്തിന്റെ വളർച്ചയിലുണ്ടാകുന്ന ശ്രദ്ധേയമായ മാറ്റം പൊതുവിദ്യാഭ്യാസത്തിന്റെ ഉയർച്ചയാണ്. അതിൽ വിജയിച്ച സംസ്ഥാനമാണ് കേരളം. ജില്ലയിലും വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി(എഐ) കോഴ്സ് ആരംഭിക്കുന്നത്. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിലാണ്. മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ഇടുക്കിയിൽ മെഡിക്കൽ കോളേജുണ്ട്. നാടുകാണിയിൽ ട്രൈബൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് യാഥാർഥ്യമായി. ശാന്തൻപാറയിൽ സർക്കാർ ആർട്സ് കോളേജ് സ്ഥാപിച്ചു. കട്ടപ്പന ഗവ. കോളേജ് മികച്ച ഗവേഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു. ടൂറിസം, റോഡ് അങ്ങനെ എല്ലാ മേഖലകളിലും ഇടുക്കി വികസനത്തിന്റെ പാതയിലാണ്. മൂലമറ്റം പവർഹൗസ് കേന്ദ്രീകരിച്ചുള്ള ബൃഹത്തായ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂലമറ്റം ഗവ. ഹൈസ്‌കൂൾ കെട്ടിടം നിർമാണത്തിനായി രണ്ട് കോടി രൂപ അടുത്ത ബജറ്റിൽ ഉൾകൊള്ളിക്കുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷനായി. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം ജെ ജേക്കബ്, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുബി ജോമോൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എൽ ജോസഫ്, വാർഡ് അംഗം സിനി തോമസ്, മൂലമറ്റം ജിവിഎച്ച് എസ് എസ് പ്രിൻസിപ്പൽ കെ നിസ, പ്രധാനമന്ത്രി പി ശ്രീകല എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി അസി എക്സിക്യൂട്ടീവ് എൻജിനിയർ പി എസ്‌ രമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ആധുനിക ലാബ് സമുച്ചയം പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് പുതിയ ലാബ് സമുച്ചയം, രണ്ടു നിലകെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, ഒരു ഭിന്നശേഷി ടോയ്‌ലെറ്റ്, പൊതുവായ രണ്ട് ടോയ്‌ലെറ്റ്, ഒരു വാഷ്‌ ഏരിയ, റാംപ്, സ്റ്റോർ റും എന്നീ സൗകര്യങ്ങളുണ്ട്. കൂടാതെ ഹെഡ് റൂമിനോടു കൂടിയ സ്റ്റെയർകേസ് സൗകര്യവുമുണ്ട്‌



deshabhimani section

Related News

View More
0 comments
Sort by

Home