വെള്ളിത്തിരയിൽ തുള്ളിത്തുടിച്ച തേക്കടി

ശിവാജി ഗണേശൻ, -ശിവകാമിയിൻ സെൽവൻ എന്ന സിനിമയിൽ. പഞ്ചാത്തലത്തിൽ തേക്കടി
കുമളി
ഹരിതനീല മലനിരകൾക്കിടയിലെ നീലജലാശയം, കോടമഞ്ഞ് കണ്ണുപൊത്തിക്കളിക്കുന്ന പുൽമേടുകൾ, വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം– തേക്കടിയുടെ മായിക മനോഹാരിത അഭ്രപാളികളിൽ നിരന്തരം തെളിഞ്ഞുവിളങ്ങിയിരുന്ന ഒരുകാലമുണ്ടായിരുന്നു. 1970–80 കൾ. കുടുംബ കഥകളും വടക്കൻപാട്ടു കഥകളും അഭ്രപാളികളിൽ ഒപ്പിയെടുത്ത മേരിലാന്റ്, ഉദയാ, നവോദയ കമ്പിനികളുടെ നിരവധി ചിത്രങ്ങളാണ് കുമളിയും തേക്കടിയിലുമായി ചിത്രീകരിച്ചത്. ഏതാനും വർഷങ്ങൾമുമ്പുവരെയും തേക്കടി സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു. എന്നാലിപ്പോൾ ആ പ്രതാപം നഷ്ടപ്പെട്ട്, ചിത്രീകരണം നടക്കുന്നത് അപൂർവംമാത്രം. മുമ്പ് തേക്കടി വനമേഖലയ്‌ക്കുള്ളിൽ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിട്ടുണ്ട്. ഇടിമുഴക്കം എന്ന ജയൻ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് മംഗളാദേവി ക്ഷേത്രത്തിലും പരിസരത്തും. കൂടാതെ ഒതേനന്റെ മകൻ, കണ്ണപ്പനുണ്ണി, തുമ്പോലാർച്ച, ആരോമലുണ്ണി, പൊന്നാപുരം കോട്ട തുടങ്ങിയ വടക്കൻപാട്ട് ചിത്രങ്ങളും വലിയ ഭീമൻ സെറ്റിൽ ആനച്ചാലിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം.
ശകുന്തളയുടെ കഥ പറയുന്ന ശകുന്തള എന്ന സിനിമ ചിത്രീകരണത്തെ തുടർന്നാണ് തേക്കടിയിലെ പ്രധാന സ്ഥലമായ ശകുന്തളക്കാടിന് ആ പേര് ലഭിച്ചത്. ചില്ലുകൊട്ടാരം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വനമേഖലയിലെ ചെറിയ ചെക്ക് ഡാമിൽ ഉമ്മർ ഡാം എന്ന പേരും വീണു. ആദിവാസികളാണ് ഡാമിന് ഉമ്മർ ഡാം എന്ന പേരിട്ടത്. ജയന്റെ ഹിറ്റ് ചിത്രങ്ങളായ അവനോ അതോ അവളോ, അറിയപ്പെടാത്ത രഹസ്യം, ഇടിമുഴക്കം തുടങ്ങിയവയും തേക്കടിയിലാണ് ചിത്രീകരിച്ചത്. സൂപ്പർഹിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പത്മവ്യൂഹം. പ്രേംനസീർ, വിൻസെന്റ്, വിജയശ്രീ എന്നിവർ അഭിനയിച്ച ഇൗ ചിത്രവും തേക്കടിയിലും പരിസരത്തുമാണ് ചിത്രീകരിച്ചത്. ഇതിൽ വിജയശ്രീ ഡബിൾ റോഡിലാണ് അഭിനയിച്ചത്. തമിഴ് സൂപ്പർതാരങ്ങളായ എംജിആർ, ശിവാജി ഗണേശൻ എന്നിവർ അഭിനയിച്ച ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഒന്നിങ്ങുവന്നെങ്കിൽ, പുതിയ കരുക്കൾ തുടങ്ങിയ ചിത്രങ്ങൾക്കും തേക്കടി ലൊക്കേഷനായി. തമിഴ് നടൻ പ്രഭുവിന്റെ ഉറുതിമൊഴി, പെണ്മണി അവൾ കണ്മണി, സഫാരി, അരക്കള്ളൻ മുക്കാക്കള്ളൻ, നീലപ്പൊൻമാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലും തേക്കടിയുടെ മനോഹാരിത ഒപ്പിയെടുത്തു. കൂടാതെ ആദിവാസികളുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രത്തിനും നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഗാനരംഗത്തിലും തേക്കടിയുടെ മനോഹാരിത ദൃശ്യചാരുത പകർന്നു. ഒരുകാലത്ത് സിനിമ ചിത്രീകരണം തേക്കടിയുടെ ടൂറിസംരംഗത്ത് വലിയ മുന്നേറ്റവും സൃഷ്ടിച്ചു. എന്നാൽ വനംവകുപ്പിന്റെ അമിതമായ നിയന്ത്രണങ്ങൾമൂലം ഇപ്പോൾ സിനിമക്കാർ തേക്കടിയെ പൂർണ്ണമായും ഉപേക്ഷിക്കുന്ന അവസ്ഥയിലായി.









0 comments