പ്രാദേശിക അതൃപ്‍തി തുടരുന്നു
മുട്ടം മണ്ഡലം പ്രസിഡന്റ് മാറ്റം: റിപ്പോര്‍ട്ട് തേടി കെപിസിസി

തൊടുപുഴ
കോണ്‍ഗ്രസ് മുട്ടം മണ്ഡലവും ഡിസിസിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹാരമില്ലാതെ തുടരുന്നു. മുട്ടം മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോനെ സ്ഥാനത്തുനിന്ന് നീക്കിയ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നടപടിയില്‍ പ്രാദേശിക നേതൃത്വത്തിനുള്ള അതൃപ്‍തി കെപിസിസിയില്‍ ചര്‍ച്ചയാണ്. വിഷയത്തില്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്‍ക്കനോട് സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്‍ത് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജോസഫ് വാഴയ്‍ക്കൻ പറഞ്ഞു. മുട്ടം മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതില്‍ തര്‍ക്കമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഔദ്യോഗിക തീരുമാനം കെപിസിസി പ്രഖ്യാപിക്കുന്നതുവരെ മറ്റ് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്, ജോസഫ് വാഴയ്‍ക്കൻ പറഞ്ഞു. ജൂലൈ എട്ടിനാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു ഷൈജ ജോമോനെ സ്ഥാനത്തുനിന്ന് നീക്കിയതായി ഉത്തരവിറക്കിയത്. പാര്‍ടി പരിപാടികളില്‍ നിരന്തരമായി ഗുരുതര വീഴ്‍ച വരുത്തുന്നതിനാലാണ് നടപടിയെന്നായിരുന്നു കാരണം. പകരം ഡിസിസി അംഗം ബിജോയ് ജോണിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്നാല്‍ സി പി മാത്യുവിന്റെ നടപടിയില്‍ മുട്ടം പ്രാദേശിക നേതൃത്വം കടുത്ത അതൃപ്‍തിയാണ് അറിയിച്ചത്. 2024 ജൂലൈയിലും ഷൈജ ജോമോനെ സി പി മാത്യു പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഈ തീരുമാനം മരവിപ്പിച്ച് കെപിസിസി ഉത്തരവിറക്കി. ഇത്തവണ ഉത്തരവ് ലഭ്യമല്ലെങ്കിലും ജില്ല ചുമതലക്കാരന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് സി പി മാത്യുവിന്റെ തീരുമാനം മരവിപ്പിച്ചെന്ന് തന്നെയാണ്. ആഗസ്‍ത് മൂന്നിന് മുട്ടത്ത് കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് മുന്നൊരുക്ക കണ്‍വൻഷനിലും ഷൈജ ജോമോന്‍ മണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുത്തിരുന്നു.









0 comments