ജീപ്പും ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

മിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
കുമളി
തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. അണക്കര പാമ്പുപാറ ഇടശ്ശേരി ജംഗ്ഷനു സമീപം ബുധൻ രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കുമളിയിൽനിന്നും കട്ടപ്പനയിലേക്ക് പോയ സ്വകാര്യ ബസ്സും തമിഴ്നാട് കമ്പത്തുനിന്നും തൊഴിലാളികളുമായി അണക്കരയിലേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.
ജീപ്പിൽ യാത്ര ചെയ്തവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും സ്ത്രീ തൊഴിലാളികളെയും തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് ഇടയിൽ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീപ്പും അമിതവേഗതയിലായിരുന്നെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തൊഴിലാളികളുമായി അമിത വേഗതയിൽ പോകുന്ന വാഹനങ്ങളുടെ അപകടം ഹൈറേഞ്ചിൽ വർധിച്ചിരിക്കുകയാണ്.









0 comments