ലോക പാമ്പ് ദിനം
പ്രകൃതിയുടെ മിത്രങ്ങൾ

കെ എ അബ്ദുൾ റസാഖ്
Published on Jul 16, 2025, 12:15 AM | 1 min read
കുമളി
പാമ്പുകളെ ഏറെ ഭയത്തോടെയാണ് മനുഷ്യൻ കാണുന്നതെങ്കിലും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവയ്ക്ക് നിർണായകസ്ഥാനമുണ്ട്. ലോകമെമ്പാടുമുള്ള പാമ്പുകളെയും അവയുടെ പ്രാധാന്യവും സംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബുധനാഴ്ച ലോക പാമ്പ് ദിനമായി ആചരിക്കുന്നു. രാജവെമ്പാല മുതൽ പച്ചില പാമ്പുവരെ 35 ഓളം സ്പീഷ്യസുകളാണ് പെരിയാർ കടുവാസങ്കേതത്തിലുള്ളത്. മൂർഖൻ, ശംഖുവരയൻ(വെള്ളിക്കെട്ടൻ, വളവളപ്പൻ, മോതിരവളയൻ), അണലി(ചേനത്തണ്ടൻ, വട്ടക്കൂറ), ചുരുട്ട മണ്ഡലി തുടങ്ങിയ ബിഗ് ഫോർ ഇനത്തിൽപ്പെടുത്തിയിട്ടുള്ള നാലിനം വിഷപ്പാമ്പുകളും ഇവിടെയുണ്ട്. നാട്ടിൻപുറങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്ന ചേര കർഷകന്റെ മിത്രം എന്നാണ് അറിയപ്പെടുന്നു. പാമ്പുകൾ പലപ്പോഴും ഭയത്തിന്റെയും കെട്ടുകഥകളുടെയും അന്ധവിശ്വാസത്തിന്റെയും വിഷയമാണ്. മുൻകാലങ്ങളിൽ പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലണം എന്ന ബോധത്തിൽനിന്നും ഇവയെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തിലേക്ക് ജനങ്ങൾ ഇപ്പോൾ മാറുന്നുണ്ട്. കേരളത്തിൽ വിഷപ്പാമ്പുകളിൽ ഏറ്റവും വിഷവീര്യമുള്ള പാമ്പാണ് ശംഖുവരയൻ. ഇതിനോട് സാമ്യമുള്ള വിഷമില്ലാത്ത വെള്ളിവരയൻ, കാട്ടുപാമ്പ് എന്നിവയുണ്ട്. പാമ്പുകളെ തിരിച്ചറിയാൻ കഴിയാത്തവർ വിഷമില്ലാത്തതെന്ന് കരുതി ഉഗ്രവിഷമുള്ളവയെ പിടികൂടാൻശ്രമിച്ച് അപായമുണ്ടായ സംഭവങ്ങളുമുണ്ട്. അപ്രതീക്ഷിതമായി ഒരു പ്രകോപനവും ഇല്ലാതെ നിലത്തുനിന്നും ചാടിക്കടിക്കുന്ന സ്വഭാവമുണ്ട് അണലിക്ക്. പലപ്പോഴും അണലിയെകണ്ട് വിഷമില്ലാത്ത പെരുമ്പാമ്പ്, മണ്ണൂലി എന്നിവ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ നശിപ്പിക്കുന്ന എലി, വിവിധയിനം പക്ഷികൾ, ചെറുജീവികൾ, കീടങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് വളരെ പ്രാധാന്യമുണ്ട്. മാളത്തിൽനിന്നും പിടികൂടി എലികളെ പാമ്പ് കൊന്ന് നിയന്ത്രിക്കുന്നു. ഇന്ത്യയിലും കേരളത്തിലും നിരവധി ഇനം പാമ്പുകളെ കാണാൻകഴിയുമെങ്കിലും വിഷമുള്ളത് കുറച്ചു മാത്രമാണ്. ഇന്ത്യയിൽ പ്രതിവർഷം 50,000ത്തിലധികം ആളുകൾ പാമ്പിന്റെ കടിയേറ്റ് മരണപ്പെടുന്നുണ്ട്. വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കി ഇടുക എന്നതാണ് പാമ്പിന്റെ ശല്യം ഒഴിവാക്കാൻ ഏറ്റവും പ്രധാനം. ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന എത്തുന്ന എലിയെ തേടി ചേരയും, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളും എത്തും. ഉഗ്രവിഷമുള്ള പാമ്പുകളുടെയും കുഞ്ഞുങ്ങളെ അകത്താക്കുന്ന ചേരയും, കീരിയും, ഉടുമ്പും മനുഷ്യരുടെ മിത്രങ്ങളാണ്. വെള്ളത്തിലും കരയിലും കടലിലും മരുഭൂമിയിലും എല്ലാം എണ്ണമറ്റ പാമ്പുകളുണ്ട്.









0 comments