ഇഎആർഎഎസ് പദ്ധതിക്ക് തുടർച്ചാനുമതി നല്‍കണം: എൻജിഒ യൂണിയൻ

തൊടുപുഴ എക്കണോമിക്‍സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‍സ് വകുപ്പിലെ ഇഎആർഎഎസ് പദ്ധതിക്ക് തുടർച്ചാനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രടകനം നടത്തി. ജില്ലാ സ്റ്റാറ്റിസ്റ്റിക്‍സ് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് ഉദ്ഘാടനംചെയ്തു. കേന്ദ്രാവിഷ്‍കൃത പദ്ധതിയായിട്ടും കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കുന്നില്ല. പദ്ധതിവിഹിതം വകയിരുത്തി ജീവനക്കാരെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുന്നുണ്ട്. ഈ തസ്തികകളിൽ ഉൾപ്പെട്ട എല്ലാവരുടെയും ശമ്പളം അടക്കമുള്ള എല്ലാ ചെലവുകളും നിർവഹിച്ചു. കേന്ദ്രാവിഷ്‍കൃത പദ്ധതിയാണെന്ന് പറയുകയും ചെലവിന്റെ 30 ശതമാനം മാത്രം തരികയും ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം. 2024–25ൽ 125 കോടിരൂപയാണ് കേന്ദ്ര സർക്കാർ കുടിശ്ശിക. മുൻ വർഷങ്ങളിലേതടക്കം 40 കോടിയും. ഇഎആർഎഎസ് സ്കീമിന്റെ 856 തസ്തികകൾ ഉൾപ്പെടെ സ്റ്റാറ്റിസ്റ്റിക്‍സ് വകുപ്പിലെ 1012 താൽക്കാലിക തസ്തികൾക്ക് 2024–25 വരെ സംസ്ഥാന സർക്കാർ തുടർച്ചാനുമതി നൽകിയിട്ടുണ്ട്. 2025–26 വർഷത്തേയ്‌ക്കുള്ള തുടച്ചാനുമതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫൈനാൻസ് വകുപ്പ് നടപടികൾ സ്വീകരിച്ചുവരികയാണ്. ഒരു വകുപ്പിനെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും അർഹമായ വിഹിതം നല്കി ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് ജാഫർ ഖാൻ, ഏരിയ സെക്രട്ടറി കെ എസ് അഖിൽ എന്നിവർ സംസാരിച്ചു.









0 comments