കട്ടപ്പന കുടിവെള്ള പദ്ധതിക്ക് തുടക്കം

കട്ടപ്പന കുടിവെള്ള പദ്ധതിക്കായി കല്ലുകുന്നില്‍ ടാങ്ക് നിര്‍മിക്കുന്ന സ്ഥലത്ത് മണ്ണെടുപ്പ് ജോലികള്‍ ആരംഭിച്ചപ്പോള്‍
കട്ടപ്പന
കട്ടപ്പന നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാനായി മന്ത്രി റോഷി അഗസ്റ്റിന്‍ വിഭാവനം ചെയ്ത ജല അതോറിറ്റിയുടെ ബൃഹത് പദ്ധതിക്ക് തുടക്കമായി. കല്ലുകുന്ന് ടോപ്പില്‍ ടാങ്ക് നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണെടുപ്പ് ജോലികള്‍ വ്യാഴാഴ്ച തുടങ്ങി. കിഫ്ബിയിലൂടെ അനുവദിച്ച 43 കോടി രൂപയും അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അനുവദിച്ച 20.6 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 62 കിലോമീറ്റര്‍ വിതരണ ശൃംഖല സ്ഥാപിച്ച് ആദ്യഘട്ടത്തില്‍ 4,000 കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണ് ലക്ഷ്യം. കുഴല്‍ക്കിണര്‍ പദ്ധതികള്‍ അപര്യാപ്തമായതിനാല്‍ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇടുക്കി ജലാശയത്തില്‍നിന്ന് വെള്ളം പമ്പ്‌ചെയ്ത് അഞ്ചുരുളിയില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ബൃഹത് പദ്ധതി ജല അതോറിറ്റി വിഭാവനം ചെയ്തത്. നരിയമ്പാറയിലെ ടാങ്കിന്റെ നിര്‍മാണവും വിതരണ പൈപ്പ് സ്ഥാപിക്കല്‍ ജോലികളും ഉടന്‍ ആരംഭിക്കും. 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് കല്ലുകുന്നില്‍ നിര്‍മിക്കുന്നത്.









0 comments