കെ സി ജോര്‍ജ് പ്രതിഭാ പുരസ്‌കാരം നാടകകൃത്ത് എം ജെ ആന്റണിക്ക്

കട്ടപ്പന
അന്തരിച്ച സംസ്ഥാന നാടക അവാര്‍ഡ് ജേതാവും നാടകകൃത്തുമായ കെ സി ജോര്‍ജിന്റെ പേരിലുള്ള കെ സി ജോര്‍ജ് പ്രതിഭ പുരസ്‌കാരം നാടകകൃത്ത് എം ജെ ആന്റണിക്ക്. കെ സി സൗഹൃദ കൂട്ടായ്മയാണ് 10,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചൊവ്വാ വൈകിട്ട് നാലിന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കുന്ന കെ സി ജോര്‍ജ് ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്‍ പ്രമോദ് വെളിയനാട് പുരസ്‌കാരം സമര്‍പ്പിക്കും. കട്ടപ്പന സ്വദേശിയായ എം ജെ ആന്റണി 1973ല്‍ ചങ്ങനാശേരി എസ്ബി കോളേജിലെ പഠനകാലയളവില്‍ ‘ബന്ധനം' എന്ന നാടകം രചിച്ചാണ് രംഗപ്രവേശം. പിന്നീട് ‘സൂര്യകാലടി' എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1977ല്‍ തിരുവനന്തപുരം കെസ്‌കയ്ക്കുവേണ്ടി എഴുതിയ ‘അമ്പലം' എന്ന നാടകം സംവിധാനം ചെയ്തത് നടന്‍ തിലകനാണ്. ചങ്ങനാശേരി ദര്‍ശന ആര്‍ട്‌സ് സെന്ററിന്റെ ‘ബന്ധനം’, ഇരട്ടയാര്‍ സിവൈഎംഎലിന്റെ ‘രാജ്യം ശക്തി മഹത്വം', ‘പലായനം', കട്ടപ്പന ഹൈസയുടെ ‘ബലിമുഹൂര്‍ത്തം', സര്‍ഗചേതനയുടെ ‘തിരിച്ചറിവിന്റെ വൃക്ഷം' എന്നിവ രചിച്ചു. ‘സ്വര്‍ഗത്തില്‍ ഒരു വിവാഹം’, ‘ഇസ്രായേലിന്റെ മുത്ത്’ എന്നീ നാടകങ്ങള്‍ക്ക് 2010, 2012 വര്‍ഷങ്ങളില്‍ മികച്ച നാടക രചനയ്ക്കുള്ള കെസിബിസി അവാര്‍ഡ് ലഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന എം ജെ ആന്റണി 2005ല്‍ വിരമിച്ചു. ഇ ജെ ജോസഫ്, ജി കെ പന്നാംകുഴി, എം സി ബോബന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സിജു ചക്കുംമൂട്ടില്‍, അഡ്വ. വി എസ് ദീപു, ജയ്ബി ജോസഫ്, സിജോ എവറസ്റ്റ്, ഫിലിപ്പോസ് വാഴയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments