കർഷകർക്ക് പ്രതീക്ഷയായി കേര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2025, 01:47 AM | 2 min read

ഇടുക്കി കേര പദ്ധതി ജില്ലയിലെ കർഷകർക്ക് ആശാവഹമാണെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന കേജീസ് ഹിൽടൗൺ ഹോട്ടലിൽ കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയോട് താൽപ്പര്യമുണ്ടെങ്കിൽപോലും ഉൽപ്പാദന ചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്തതിനാൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ഭാവിയിൽ ആധുനിക കൃഷി സമ്പ്രദായമാണ് ആവശ്യമെന്നും, വകുപ്പുകൾ അതിനനുസൃതമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കൽ, മൂല്യവർധിത ഉൽപ്പാദനം കാര്യക്ഷമമാക്കൽ തുടങ്ങി പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങൾ സെമിനാർ ചർച്ചചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷനായി. നഗരസഭ കൗൺസിലർ സിജോമോൻ ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയമ്മ സാമുവൽ, കാർഷിക വികസന–കർഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ്, കേര റീജിയണൽ പ്രൊജക്ട് ഡയറക്ടർ സാഹിൽ മുഹമ്മദ്, കേര റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സൂര്യ എസ് ഗോപിനാഥ്, കേര പ്രൊജക്ട് മാനേജർ ഡോ. എം നിതീഷ് ബാബു എന്നിവർ സംസാരിച്ചു. ‘കേര’യെന്നാൽ സംസ്ഥാനത്തെ കാർഷിക മേഖലയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് കേര(കേരള ക്ലൈമറ്റ്‌ റെസില്യന്റ്‌ അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രൊജക്‌ട്‌). കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുക, മൂല്യവർധിത കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും വർധിപ്പിക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്‌. ചെറുകിട, -ഇടത്തരം കാർഷികാധിഷ്ഠിത സംരംഭങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക സഹായങ്ങളും പദ്ധതിയിലുണ്ട്‌. പദ്ധതിയുടെ ഭാഗമായി കാർഷിക കാലാവസ്ഥാ അനുസൃത കൃഷിരീതികൾ നടപ്പാക്കുകയും കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ ആസ്പദമാക്കി കർഷകർക്ക് സാങ്കേതിക വിദ്യകൾ കൈമാറുകയും ചെയ്യും. മൂല്യവർധനവിനായുള്ള ചെറുകിട സംരംഭങ്ങളുടെ വാണിജ്യവൽക്കരണം, കാപ്പി, റബർ, ഏലം തുടങ്ങിയവയുടെ പുനഃരുജ്ജീവനം, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, അഗ്രിബിസിനസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കും പദ്ധതിയിലുടെ സഹായം ലഭിക്കും. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്‌ടറേറ്റ്‌, കേരള കാർഷിക സർവകലാശാല, കിൻഫ്ര, ജലസേചനം എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home