തൊടുപുഴ ജില്ലാ ആശുപത്രി കുതിപ്പിലാണ്

തൊടുപുഴ എൽഡിഎഫ് സർക്കാരിന്റെ കരുതലറിഞ്ഞ് വികസന പാതയിലാണ് തൊടുപുഴ ജില്ലാ ആശുപത്രി. തൊടുപുഴ താലൂക്കിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ ആശ്രയകേന്ദ്രം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആശുപത്രിയെ തേടിയെത്തിയത് പുതിയ കെട്ടിടങ്ങളും ഉപകരണങ്ങളുമടക്കം വിപുല സംവിധാനങ്ങൾ. അസൗകര്യങ്ങൾക്ക് നടുവിൽനിന്ന് വികസനത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പിലാണ് ആശുപത്രി. അത്യാഹിത വിഭാഗം ആശുപത്രിയുടെ തന്നെ മുഖമായി മാറിയ പുതിയ കാഷ്വാലിറ്റി കെട്ടിടം നാടിന് സമർപ്പിച്ചത് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്, 2019ൽ. അത്യാഹിത വിഭാഗവും ആറു ബെഡ് ഐസിയുവും സ്‍ത്രീകളുടെ വാർഡും അടക്കമുള്ളവ ഈ ബഹുനില കെട്ടിടത്തിലാണ്. ഐസിയു ഈ വർഷവും ആരംഭിച്ചു. മുമ്പ് കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്നത് ഇടുങ്ങിയ സാഹചര്യത്തിലാണെങ്കിൽ ഇന്ന് കഥമാറി. നബാർഡ് ഫണ്ട് 15 കോടി രൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം യാഥാർഥ്യമാക്കിയത്. ചെറിയ ചില അനുമതികളും സംവിധാനങ്ങളുമായാൽ ഗൈനക്കോളജി വിഭാഗം പൂർണമായും കെട്ടിടത്തിലേക്ക് മാറ്റാനാകും. ഡയാലിസിസ് 2 ഷിഫ്റ്റ് 2014 ലാണ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. അന്നത് ഒരു ഷിഫ്റ്റായിരുന്നു. അഞ്ച് മെഷീനുകള്‍ മാത്രം. പക്ഷേ 10 വര്‍ഷമാകുമ്പോഴേക്ക് 18 മെഷീനുകളായി അത് ഉയര്‍ന്നു. ഇപ്പോള്‍ രണ്ട് ഷിഫ്റ്റാണ് ഡയാലിസിസ് ചെയ്യുന്നത്. നിലവില്‍ ആശുപത്രിയില്‍ ഡയാലിസിസിന് കാത്തിരിക്കേണ്ട സാഹചര്യമില്ല. ആറുനിലകളിൽ കെട്ടിടമുയരും പുതിയ ആറുനില കെട്ടിട നിർമാണത്തിന്റെ ആലോചനകൾ നടക്കുകയാണ്. ഒപി ബ്ലോക്ക്, അഡ്മിനിസ്‍ട്രേഷൻ, ലാബുകൾ, ഫാർമസി, എക്‍സ് റേ, ഇസിജി, ഐസിയു, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയെല്ലാം ഈ കെട്ടിടത്തിലേക്ക് മാറും. ഇതിനുള്ള പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ലാബ്, ഓഫീസ് എല്ലാം നിലവിൽ പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലാണ്. ഇതും നബാർഡ് ഫണ്ട് എത്തിച്ചാകും നിർമിക്കുക. 25 കോടിയിലധികമാണ് കണക്കാക്കുന്ന ചെലവ്. മങ്ങാട്ടുകവല ഭാഗത്തുനിന്ന് കയറി വരുമ്പോഴുള്ള ഭാഗത്താകും കെട്ടിടമുയരുക. കണ്ണഞ്ചിപ്പിക്കുന്ന മാറ്റം 36-0 ഡിഗ്രി മെറ്റബോളിക് ക്സിനിക്(എൻസിഡി ക്ലിനിക്), പോളി ദന്തൽ ക്ലിനിക് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജമാകും. ഹെൽത്ത് ഗ്രാൻഡിൽനിന്ന് 45ലക്ഷം രൂപ ചെലവഴിച്ചാണ് എൻസിഡി ക്ലിനിക് നിർമിക്കുന്നത്. 60 ലക്ഷം രൂപ ചെലവഴിച്ച് പോളി ദന്തൽ ക്ലിനിക് നവീകരണം. 2022ന് ശേഷമാണ് ആശുപത്രിയിൽ 24 മണിക്കൂർ ഫാർമസി, ലാബ്, എക്‍സ്‍ റേ തുടങ്ങിയ സംവിധാനങ്ങളും എത്തിയത്. പുതിയ ഒപി കൗണ്ടർ നിർമാണവും അവസാനഘട്ടത്തിൽ. ലിക്വിഡ് ഓക്‍സിജൻ പ്ലാന്റും ഇക്കാലയളവിലാണ് പൂർത്തിയായത്. കീമോ തെറാപ്പിയും ചെയ്യുന്നുണ്ട്. നിലവിൽ 250ലേറെ ബെഡുകളുണ്ട് ആശുപത്രിയിൽ. സൂപ്രണ്ട് പി എൻ അജിയുടെ നേതൃത്വത്തിൽ ആവശ്യങ്ങൾ അറിയിച്ചും നിർദേശങ്ങൾ നൽകിയും ആശുപത്രി മുഖച്ഛായ മാറുന്ന കാലഘട്ടമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന പദ്ധതികൾ കൂടിയാകുമ്പോൾ ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ ആരോഗ്യ കേന്ദ്രമായി തൊടുപുഴ ജില്ലാ ആശുപത്രി മാറുമെന്നുറപ്പ്.









0 comments