അഭിമന്യുവിന്റെ ധീരസ്മരണയിൽ

In memory of Abhimanyu's bravery

കൊട്ടക്കൊമ്പൂരിലെ അഭിമന്യു സ്മൃതി മണ്ഡപം

വെബ് ഡെസ്ക്

Published on Jul 02, 2025, 12:35 AM | 1 min read

മൂന്നാർ

നിഷ്കളങ്കമായ ചിരിയോടെ എല്ലാവർക്കും സഹായം ചെയ്തിരുന്ന അഭിമന്യു വിടരും മുമ്പേ പൊലിഞ്ഞെങ്കിലും ആ ധീരസ്മരണ മായുന്നില്ല. ഏഴ് വർഷം മുമ്പ് ക്യാമ്പസ് ഫ്രണ്ട്–-എസ്ഡിപിഐ തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യു ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. അഭിമന്യുവിന്റെ ഹൃദയത്തിൽനിന്നും വാർന്നൊഴുകിയ രക്തം വീണ എറണാകുളം മഹാരാജാസ് കോളേജിന്റെ മണ്ണിലും ജന്മനാടായ വട്ടവടയിലും അവന്റെ ചിരി മായാത്ത കനലായി പടർന്നു. വട്ടവടയിലെ കൊട്ടക്കൊമ്പൂരിൽ പിറന്ന അഭിമന്യു പാർടിയെ പോലെ ജീവനുതുല്യം സ്നേഹിച്ചിരുന്നത് മഹാരാജാസ് കോളേജിനെക്കൂടിയായിരുന്നു. 2018 ജൂലൈ രണ്ടിന് ഡിവൈഎഫ്ഐ വില്ലേജ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ പച്ചക്കറി ലോറിയിലാണ് രാത്രി 11.30 ഓടെ മഹാരാജാസ് കോളേജിലെത്തിയത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കത്തിനിടെ തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 
 ‘വർഗീയത തുലയട്ടെ’ എന്ന് ചുവരിൽ എഴുതിയതിനെ തുടർന്നാണ് അഭിമന്യുവിനെ ഇല്ലാതാക്കിയത്. വട്ടവടയിലെത്തിച്ച അഭിമന്യുവിന്റെ മൃതശരീരം കാണുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പാർടി നേതാക്കളും പ്രവർത്തകരും കൊട്ടക്കൊമ്പൂരിലുള്ള അഭിമന്യുവിന്റെ കുടിൽ സന്ദർശിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും വട്ടവടയിലെത്തി. അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുകയെന്ന ദൗത്യം സിപിഐ എം മൂന്നാർ ഏരിയ കമ്മിറ്റി ഏറ്റെടുത്തു. ഇതിനായി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ജില്ലയിൽനിന്നും അകമഴിഞ്ഞ സഹകരണമാണ് പാർടിക്ക് ലഭിച്ചത്. കൊട്ടക്കൊമ്പൂരിൽ അഭിമന്യുവിന്റെ അച്ഛനമ്മമാരുടെ പേരിൽ സ്വന്തമായി സ്ഥലം വാങ്ങി. വീട് നിർമിച്ച് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വട്ടവടയിലെത്തി വീടിന്റെ താക്കോൽ കൈമാറി. അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹവും പാർടി നടത്തിക്കൊടുത്തു. വട്ടവട പഞ്ചായത്തിൽ അഭിമന്യുവിന്റെ പേരിലുള്ള ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൊട്ടക്കൊമ്പൂരിൽ വീടിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചത് കോടിയേരി ബാലകൃഷ്ണനും വീടിന്റെ താക്കോൽ കൈമാറിയത് മുഖ്യമന്ത്രി പിണറായി വിജയനുമാണ്. സഹോദരിയുടെ വിവാഹത്തിൽ എം എം മണി എംഎൽഎ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാസെക്രട്ടറി സി വി വർഗീസ്, കെ വി ശശി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home