അനുപമ കാഴ്‌ചയൊരുക്കും ആമച്ചന്തം

ആമപ്പാറ

ആമപ്പാറ

avatar
നിധിൻ രാജു

Published on Jul 10, 2025, 12:16 AM | 1 min read


ഇടുക്കി

ഭൂമിയുടെ അറ്റത്ത്‌, ആകാശത്തിനുതൊട്ടുതാഴ ആമരൂപത്തിലൊരു ഭീമൻപാറ, കണ്ണെത്താദൂരം പരന്നുകിടക്കുന്ന പ്രകൃതി, അവയ്‌ക്കിടയിൽ കോടമഞ്ഞ്‌ അണിയിക്കും തണുപ്പിൻ പുതപ്പ്‌– രാമക്കൽമേടിനടുത്തുള്ള ആമപ്പാറ സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്‌ ഇവയൊക്കെയാണ്‌. ആമ തോടിനുള്ളിൽ ഒളിയ്‌ക്കുന്നതുപോലെയുള്ള അത്ഭുതക്കാഴ്‌ചകളാണ്‌ ചുറ്റും. ദൂരക്കാഴ്‌ചയിൽ ആമയുടെ ആകൃതിയിലുള്ള പാറയാണ്‌ ആമപ്പാറയുടെ പേരിനുപിന്നിൽ. സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക്‌ ആമയുടെ തോടിനുള്ളിലൂടെ എന്നപോലെ ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ പാറയിടുക്കിലൂടെ കടന്നുപോകാം. ഇരുന്നും നിരങ്ങിയുമൊക്കെ ചെന്നെത്തുക പ്രകൃതിയുടെ വശ്യസുന്ദരമായ ക്യാൻവാസിലേക്കാണ്‌. രാമക്കൽമേട്ടിലെ കുറുവൻ–-കുറത്തി ശിൽപ്പം, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങൾ, അകലെ കറങ്ങുന്ന കാറ്റാടിപ്പാടങ്ങൾ തുടങ്ങി 360 ഡിഗ്രി കാഴ്ചയുടെ വിസ്‌മയലോകമാണ്‌ ആമപ്പാറ സഞ്ചാരികൾക്കായി തുറക്കുന്നത്. വിനോദസഞ്ചാര വകുപ്പ്‌ 3.21 കോടി രൂപ ചെലവഴിച്ച് ജാലകം ഇക്കോ ടൂറിസം കേന്ദ്രമായി ഇവിടം ഉയർത്തിയിരുന്നു. ഇതോടെ പുറന്തോടിനുള്ളിൽനിന്ന്‌ പുറത്തേക്ക് തലനീട്ടുന്ന ആമയെപ്പോലെ, കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് ആമപ്പാറയും തലനീട്ടി. ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സുരക്ഷാവേലി, വാച്ച്ടവർ, നടപ്പാത, ലൈറ്റുകൾ, ബെഞ്ചുകൾ, ശൗചാലയ ബ്ലോക്ക് എന്നിവയെല്ലാം യാഥാർഥ്യമാക്കി. പാറയ്‌ക്കുചുറ്റും സ്റ്റീൽ കൊണ്ടുള്ള സുരക്ഷാവേലിയും നിർമിച്ചിരുന്നു. ഏപ്രിൽ– 15,298, മെയ്‌–- 14,916 എന്നിങ്ങനെ 30,214 സഞ്ചാരികളാണ്‌ അവധിക്കാലത്ത്‌ ആമപ്പാറയിലെത്തിയത്‌. നെടുങ്കണ്ടം–രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെനിന്ന് ജീപ്പിൽ ആമപ്പാറയിലെത്താം. രാമക്കൽമേട്‌ സന്ദർശിക്കുന്നവർ ഓഫ്‌റോഡ് ട്രക്കിങ്ങിനായി തിരഞ്ഞെടുക്കുന്ന ആമപ്പാറയിൽ, അതിനു സമാന്തരമായി ‘ഫ്ലൈറ്റ് വ്യൂ പോയിന്റു’മുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home