നീതി മെഡിക്കല്‍ സ്റ്റോര്‍

വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും: സഹ. ആശുപത്രി ഭരണസമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 06, 2025, 12:58 AM | 2 min read

ചെറുതോണി

ഇടുക്കി മെഡിക്കൽ കോളജിലെ നീതി സ്റ്റോറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹകരണ ആശുപത്രി ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി(കാസ്പ്)യിൽ നിർധന കിടപ്പുരോഗികൾക്ക് സൗജന്യമായി മരുന്നുനൽകാൻ മെഡിക്കൽ കോളജിനുള്ളിൽതന്നെ സൗകര്യം ഏർപ്പെടുത്തിയത്‌ മനുഷ്യാവകാശ കമീഷന്റെ ഇടപെടലിലാണ്‌. സംസ്ഥാനത്താകെ 64 ലക്ഷം ഗുണഭോക്താക്കളാണ് ആരോഗ്യ ഇൻഷുറൻസിന് കീഴിലുള്ളത്. ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജുനൻ പ്രസിഡന്റായ ഗവ. എംപ്ലോയീസ് ആൻഡ്‌ പെൻഷനേഴ്സ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിൽനിന്നാണ് ആരോഗ്യ ഇൻഷുറൻസുള്ള രോഗികൾക്ക്‌ നേരത്തെ മരുന്നുനൽകിയിരുന്നത്. എന്നാൽ, സമയത്ത് ഇൻഷുറൻസ് തുകകിട്ടുന്നില്ല എന്നപേരിൽ ഇവർ ടെൻഡറിൽനിന്ന്‌ പിന്മാറി. മെഡിക്കൽ കോളജിനുള്ളിലെ കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറും ഏറ്റെടുത്തിട്ടില്ല. ഇതോടെ മെഡിക്കൽ കോളേജിൽ കിടത്തിചികിത്സയ്ക്കെത്തുന്നവരുടെ കൂട്ടിരിപ്പുകാർ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് ചെറുതോണിയിലെത്തി മരുന്ന് വാങ്ങണം. സ്വകാര്യമെഡിക്കൽ സ്റ്റോറുകൾ രാത്രി ഒമ്പതിന്‌ അടയ്ക്കും. രാത്രികാലങ്ങളിൽ രോഗികൾ മരുന്നിനായി അലയുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അംബാസഡർ ഡോ. ഗിന്നസ് മാടസ്വാമി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. കമീഷൻ മെഡിക്കൽ കോളജിനുള്ളിൽതന്നെ കിടപ്പുരോഗികൾക്ക് സൗജന്യമായി മരുന്ന് നൽകാൻ 14 ദിവസത്തിനുള്ളിൽ സൗകര്യമൊരുക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി. തുടർന്ന്‌ കലക്ടർ അധ്യക്ഷനായ ആശുപത്രി വികസന സമിതിയോഗം മെഡിക്കൽ കോളജിനുള്ളിൽ 24 മണിക്കൂർ നീതി മെഡിക്കൽ സ്റ്റോർ തുടങ്ങാൻ തീരുമാനിച്ചു. പ്രതിമാസ വാടക നൽകി നീതി സ്‌റ്റോറിന്‌ പ്രവർത്തനാനുമതി നൽകി. കോളേജ് ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ നീതിമെഡിക്കൽ സ്റ്റോറിൽ ലഭ്യം. ഡിസ്കൗണ്ട് നിരക്കിൽ ഒരുവർഷത്തോളം നൽകിയ മരുന്നിന്റെ വിലപോലും മെഡിക്കൽ കോളജിൽനിന്നും ഇതുവരെ പാസായിട്ടില്ല. എന്നിട്ടും സഹകരണ ആശുപത്രിയുടെ നീതി മെഡിക്കൽ സ്റ്റോർ ഒരിക്കൽപോലും സേവനം മുടക്കാതെ 24 മണിക്കൂറും പാവപ്പെട്ട രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകുന്നുണ്ട്‌. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് 2008ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ് സഹകരണ ആശുപത്രി. ഇപ്പോൾ 30 ഓളം സ്ഥാപനങ്ങളുമായി മലയോര മേഖലയിൽ ആതുരശുശ്രൂഷ രംഗത്ത് സ്തുത്യർഹമായ സേവനം നൽകുന്നത്. നിലവിൽ സഹകരണ ആശുപത്രിയുടെ പ്രസിഡന്റ്‌ കെ യു വിനുവും വൈസ് പ്രസിഡന്റ്‌ കെ പി സുമോദുമാണ്‌. സഹകരണ ആശുപത്രിയെയും നീതി മെഡിക്കൽ സ്റ്റോറിനെയും അപകീർത്തിപ്പെടുത്താനും ജില്ലാ സെക്രട്ടറിയെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് ചിലർ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നത്‌. നീതിമെഡിക്കൽ സ്റ്റോറിനെ തകർക്കാനുള്ളനീക്കം ആരോഗ്യസുരക്ഷ സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ ലക്ഷക്കണക്കായ പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്‌. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home