കനത്ത മഴ: അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു

ഇടുക്കി
ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു. മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നിവിടങ്ങളിൽ ഞായറാഴ്‌ച ചുവപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പുയരാൻ കാരണം. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലുൾപ്പെടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചു. ഇടുക്കി അണക്കെട്ടിൽ ഏതാനും ദിവസങ്ങളായി നീല ജാഗ്രതാ നിർദേശത്തിലാണുള്ളത്. 2378.81 അടി പിന്നിട്ടതിനെ തുടർന്നാണ് നീല ജാഗ്രതാ(ബ്ലൂ അലർട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നിലവിൽ 2381.02 അടി വെള്ളമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.85 അടിയെത്തി. ഇരു ഡാമുകളും നിലവിൽ തുറക്കേണ്ട സാഹചര്യമില്ല. പുഴകളിൽ ശക്തമായ നീരൊഴുക്കാണ്. മഴ തുടർന്നാൽ കൂടുതൽ അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിലെത്തും.









0 comments