കോൺഗ്രസ് ഭാരവാഹിയോഗം ചേർന്നു
കസേരമോഹികൾ കാത്തിരിക്കേണ്ടിവരും


സ്വന്തം ലേഖകൻ
Published on Aug 20, 2025, 12:30 AM | 1 min read
ഇടുക്കി
ജില്ലാ കോൺഗ്രസിൽ നേതൃമാറ്റം ഉടനുണ്ടാകില്ല. തെരഞ്ഞെടുപ്പ് കഴിയുംവരെ സ്ഥാനമോഹികൾ കാത്തിരിക്കേണ്ടിവരും. കോൺഗ്രസിനുള്ളിലെ ഭിന്നത തൽക്കാലം ഒഴിവാക്കിനിർത്താനുള്ള പോംവഴിയായാണ് നേതൃയോഗം ഇതുകണ്ടത്. എന്നാൽ സംസ്ഥാന നേതാക്കളുമായുള്ള രണ്ടുവട്ട ചർച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് ചില നേതാക്കൾ വ്യക്തമാക്കുന്നത്. ഇതിനിടെ കോൺഗ്രസ് ഭാരവാഹികളുടെ യോഗം തൊടുപുഴയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് സജ്ജമാകണമെന്നും താഴേത്തെട്ടിലുള്ള നേതാക്കൾ ഉറക്കംവിട്ട് എണീക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള നേതാക്കളുടെ ആഹ്വാനം. ഭരണമില്ലാത്തതിന്റെ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നേതാക്കൾ വിരൽചൂണ്ടി. ഇൗ മാസംതന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കാവശ്യമായ ഫണ്ട് ശേഖരിക്കും. അതിനായി മൂന്നുദിവസം മാറ്റിവയ്‌ക്കും. മണ്ഡലം–ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസസി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരൊണ് യോഗത്തിൽ പങ്കെടുത്തത്. തൽക്കാലം നേതൃമാറ്റം വേണ്ടെന്നാണ് നിലവിലുള്ള ജില്ലാ അധ്യക്ഷൻ സി പി മാത്യുവിനെ അനുകൂലിക്കുന്നവരുടെ നിലപാട്. ഒരുതവണകൂടി തുടരട്ടെ എന്ന ആഗ്രഹവും അവർ പ്രകടിപ്പിക്കുന്നു. എന്നാൽ നേതൃമാറ്റം അനിവാര്യമാണെന്നും മുൻ കെപിസിസി അധ്യക്ഷന് മാത്യു രാജി നൽകിയതാണെന്നുമുള്ള ഉറച്ച നിലപാടിലാണ് മറുചേരി. മറ്റ് ജില്ലാ പ്രസിഡന്റുമാർക്കൊപ്പം ഇടുക്കിയിലും മാറ്റം വരുത്തണം. ജില്ലയിലെ സംഘടനയുടെ ദൗർബല്യവും പ്രവർത്തനക്കുറവും അവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയെയാണ് ഹൈറേഞ്ച് ലോബി ഉയർത്തിക്കാട്ടുന്നത്. കൂടാതെ സംസ്ഥാന സെക്രട്ടറി എം എൻ ഗോപി, കെപിസിസി വക്താവ് സേനാപതി വേണു, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ എന്നിവരുടെ പേരും അതത് ഗ്രൂപ്പുകാർ അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി നടത്തുന്നുണ്ട്. നിയമസഭ സീറ്റ് ലക്ഷ്യംവയ്‌ക്കുന്ന ചില നേതാക്കൾ വലിയ സമ്മർദം ചെലുത്തുന്നില്ല. മത–സമുദായ പരിഗണനയും കോൺഗ്രസ് പാരമ്പര്യവും ചിലർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. തൊടുപുഴയിൽചേർന്ന നേതൃയോഗം വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു. സി പി മാത്യു അധ്യക്ഷനായി. ജില്ലയുടെ ചുമതലയുള്ള രാഷ്‌ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്‌ക്കൻ, ജോസി സെബാസ്‌റ്റ്യൻ, ഇ എം ആഗസ്‌തി, റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എസ് അശോകൻ തുടങ്ങിയവർ സംസാരിച്ചു.









0 comments