സംസ്ഥാനത്തെ മികച്ച അധ്യാപകൻ കോമ്പയാറിലുണ്ട്


സ്വന്തം ലേഖകൻ
Published on Sep 09, 2025, 12:15 AM | 1 min read
ഇടുക്കി
സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടി കോമ്പയാർ സെന്റ് തോമസ് എൽപി സ്‌കൂൾ പ്രഥമാധ്യാപകൻ ബിജു ജോർജ്. അധ്യാപകദിനത്തോടനുബന്ധിച്ച് തിങ്കളാഴ്‌ചയാണ് അവാർഡ് പ്രഖ്യാപിച്ചത്. എൽപി വിഭാഗത്തിൽ പാഠ്യ–-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിനാണ് അംഗീകാരം. പൊൻകുന്നം സ്വദേശിയായ ബിജു ജോർജ് 1997ലാണ് കോമ്പയാർ സ്കൂളിൽ അധ്യാപകനായെത്തുന്നത്. 2020ൽ പ്രഥമാധ്യാപകനായി. നിലവിൽ കോമ്പയാർ അയ്യനോലിൽ വീട്ടിലാണ് താമസം. സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുപുറമെ ആവശ്യഘട്ടങ്ങളിൽ സ്‌കൂൾ ബസിന്റെ ഡ്രൈവറായും ഡോർ കീപ്പറായുമെല്ലാം മാറാൻ ബിജുവിന് മടിയില്ല. ഓൾ ഇന്ത്യ അവാർഡി ടീച്ചേർസ് ഫെഡറേഷന്റെ ഗുരുശ്രേഷ്‌ഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അധ്യാപക പരിശീലന റിസോഴ്‌സ് പേഴ്‌സൺ, പ്രഭാഷകൻ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. ചെമ്മണ്ണാർ സെന്റ് സേവ്യഴ്‌സ് സ്‌കൂൾ അധ്യാപിക സിജി ജോസാണ് ഭാര്യ. ആൻ മരിയ, ആൽബിൻ, അലക്‌സ്, അലോഷ് എന്നിവർ മക്കളാണ്.









0 comments