വിവിധ പദ്ധതികള്‍ക്ക് അംഗീകാരം

ഉന്നതവിദ്യാഭ്യാസ മേഖല മിന്നിത്തിളങ്ങും

roshy

മന്ത്രി ആര്‍ ബിന്ദുവുമായി മന്ത്രി റോഷി അഗസ്റ്റിൻ ചര്‍ച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 15, 2025, 12:30 AM | 1 min read

ഇടുക്കി

ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കോഴ്‍സുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നു. മന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവ. കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കും. ഇതിന് പുറമേ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും ഗസ്റ്റ്ഹൗസും നിര്‍മിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോളേജ് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. കോളേജിന് നാക് അക്രഡിറ്റേഷന്‍ ലഭിക്കാൻ ഇവയെല്ലാം അനിവാര്യമാണ്. കോളേജ് വികസനത്തിന്റെ ഭാഗമായി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും ലൈബ്രറി അപ്‌ഗ്രേഡ് ചെയ്യാനുമുള്ള നടപടികളെടുക്കും. രജത ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന ഇടുക്കി എൻജിനിയറിങ് കോളജില്‍ പുതിയ ഹോസ്റ്റല്‍ സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനായി 29.67 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കോളേജ് സമര്‍പ്പിക്കും. നിലവില്‍ അനുവദിച്ചിരിക്കുന്ന നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സിന് പുറമേ പുതിയ കോഴ്സുകളും അനുവദിക്കണം. പൈനാവ് ഐഎച്ച്ആര്‍ഡി പോളിടെക്‌നികില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. ബജറ്റില്‍ പ്രഖ്യാപിച്ച കട്ടപ്പന ഐഎച്ച്ആര്‍ഡി ലോ കോളേജ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ ഡയറക്‍ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജയപ്രകാശ്, ഡയറക്ടര്‍ ഓഫ് കോളേജിയറ്റ് എഡ്യുക്കേഷന്‍ സുധീര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അരുണ്‍ കുമാര്‍,കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരായ ഡോ. ബിജു ശശിധരൻ, ഡോ. ബി കണ്ണൻ, സി കെ സുബി എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home