കാലവര്‍ഷം ശക്തം: 
കൃഷിനാശം 1,191.4 ഹെക്ടര്‍

krishi nasam
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2025, 12:45 AM | 1 min read

തൊടുപുഴ

കാലവർഷം ശക്തമായതോടെ ജില്ലയിൽ വ്യാപക കൃഷിനാശമാണ്. മെയ് മാസം മുതൽ കരുത്തോടെ പെയ്‍തിറങ്ങിയ മഴ നിരവധി കർഷകരുടെ വിളകളാണ് ഇല്ലാതാക്കിയത്. ലോ റേഞ്ചിൽ കൃഷിനാശം കുറവാണെങ്കിലും ഹൈറേഞ്ചിലെ വിവിധ ബ്ലോക്കുകളിൽ വലിയ ദുരിതമാണ് കർഷകർ നേരിടുന്നത്. മെയ് 24 മുതൽ ചൊവ്വ വരെയുള്ള കണക്ക് പ്രകാരം ആകെ 1,191.4 ഹെക്ടറിലാണ് വിവിധ വിളകൾ നശിച്ചത്. 11,768 കർഷകരുടേതാണിത്. 20.81 കോടി രൂപയാണ് നഷ്‍ട പരിഹാരം കണക്കാക്കുന്നത്. ഏലം, വാഴ, ജാതി എന്നിവയ്‍ക്കാണ് കൂടുതൽ നാശമുണ്ടായത്. നെടുങ്കണ്ടം ബ്ലോക്കിലാണ് കൂടുതൽ. 476.34 ഹെക്‍ടറിൽ 3.81 കോടി രൂപയുടെ വിളകൾ നശിച്ചു. 2,152 കർഷകരുടേതാണിത്. പീരുമേട് ബ്ലോക്കിൽ 340.94 ഹെക്‍ടറിലാണ് കൃഷിനാശം. 3,427 കർഷകരുടെ വിളകളും നാമാവശേഷമായി. 6.01 കോടിയാണ് നഷ്‍ടം. അടിമാലി ബ്ലോക്കിൽ 116.51 ഹെക്ടർ കൃഷി നശിച്ചു. 2356 കർഷകരുടേതാണിത്. നഷ്‍ടപരിഹാരം കണക്കാക്കുന്നത് 5.79 കോടി രൂപ. ലോ റേഞ്ചിന്റെ കവാടമായ തൊടുപുഴയിലും ദേവികുളം ബ്ലോക്കിലുമാണ് കുറവ്. തൊടുപുഴയിൽ 8.15 ഹെക്ടറിലെ കൃഷി മാത്രമാണ് നശിച്ചത്. 157 പേരുടേതാണിത്. ആകെ നഷ്‍ടം 21.57 ലക്ഷം. ദേവികുളത്ത് 846 കർഷകരുടെ 27.33 ഹെക്‍ടറിലെ ക‍ൃഷിയാണ് നശിച്ചത്. നഷ്‍ടം 76.09 ലക്ഷം. കട്ടപ്പന –-79.39(നഷ്‍ടം 1.32 കോടി), ഇളംദേശം–-55.88 (നഷ്‍ടം 4.29 കോടി), ഇടുക്കി–86.86(നഷ്‍ടം 2.45 കോടി) എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷിനാശം. ഓണക്കാലം ലക്ഷ്യമിട്ട് കൃഷി വകുപ്പ് ജില്ലയിൽ വിവിധ പദ്ധതികളിലൂടെ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. തീവ്ര പച്ചക്കറി ഉൽപാദന യജ്ഞം, ദീർഘകാല പച്ചക്കറി തൈ വിതരണം, വിള വിസ്തൃതി വ്യാപന പദ്ധി എന്നിവയാണ് ജില്ലയിൽ നടപ്പാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home