കാട്ടുപന്നി ആക്രമണം തടയാൻ
തോക്ക് ലൈസൻസുകൾ പുതുക്കി നൽകണം: കർഷക സംഘം

ചെറുതോണി
കാട്ടുപന്നികളെ കൊല്ലാൻ ത്രിതല പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ കൂടി അധികമായി ചിലവഴിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ തോക്ക് ലൈസൻസുകൾ പുതുക്കി നൽകാൻ ജില്ലാ ഭരണം തയ്യാറാകണമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് എൻ വി ബേബി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ 1500 ൽ അധികം കർഷകർക്ക് തോക്ക് ലൈസൻസ് ഉണ്ടായിരുന്നതാണ്. എന്നാൽ, ലൈസൻസുകൾ പുതുക്കി നൽകുന്നില്ല. തോക്ക് ലൈസൻസുള്ളയാൾക്ക് ഒരു കാട്ടുപന്നിയെ കൊല്ലുന്നതിന് 1500 രൂപയും മറവുചെയ്യുന്നതിന് 2000 രൂപയും വച്ചാണ് പഞ്ചായത്തുകൾ നൽകുന്നത്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകാൻ ഹോണററി വൈൽഡ് ലൈഫ് വാർഡൻമാരായി പഞ്ചായത്ത് പ്രസിഡന്റുമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കാട്ടുപന്നി ആക്രമണം തടയാനും കർഷകരെയും കൃഷിയും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുമ്പോൾ ജില്ലാ ഭരണം പുറംതിരിഞ്ഞുനിന്ന് കർഷകരെ ദ്രോഹിക്കുകയാണ്. അടിയന്തിരമായി ലൈസൻസുകൾ പുതുക്കി നൽകാൻ നടപടിയുണ്ടാകണമെന്നും അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷകസംഘം നേതാക്കൾ വ്യക്തമാക്കി.









0 comments